ഇന്ധനക്ഷാമം അതിരൂക്ഷം; ശ്രീലങ്കയിൽ സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തെ 'വർക് ഫ്രം ഹോം'
text_fieldsകൊളംബോ: ഇന്ധനക്ഷാമം അതിരൂക്ഷമായി തുടരവെ,സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തെ വർക് ഫ്രം ഹോം നൽകി ശ്രീലങ്കൻ ഭരണകൂടം. ഏഴു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരത്തിലെ വൻ ഇടിവാണ് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർത്തത്. പണമില്ലാത്തതിനാൽ എണ്ണ ഇറക്കുമതി തടസ്സപ്പെട്ടു. കരുതൽ ശേഖരത്തിലുള്ള പെട്രോളും ഡീസലും ദിവസങ്ങൾക്കുള്ളിൽ കാലിയാവുമെന്നാണ് റിപ്പോർട്ട്.
സർക്കാരിന്റെ കെടുകാര്യസ്ഥതക്കൊപ്പം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർത്തത്. 1948 ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് 2.2കോടിയോളം വരുന്ന ലങ്കൻ ജനത ഇത്രയേറെ പ്രതിസന്ധിയനുഭവിക്കുന്നത്. ''ഇന്ധനക്ഷാമം മൂലം പൊതുവാഹനങ്ങൾ അപൂർവമായേ സർവീസ് നടത്താറുള്ളൂ. എണ്ണ കിട്ടാക്കനിയായതിനാൽ സ്വകാര്യ വാഹനങ്ങളും റോഡിലിറക്കാൻ കഴിയില്ല. അതിനാലാണ് ഒരു വിഭാഗം ജീവനക്കാരോട് രണ്ടാഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയത്''-ശ്രീലങ്കൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോം അഫേഴ്സ് മന്ത്രാലയം അറിയിച്ചു.
10 ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ അവശ്യസർവീസായ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഓഫിസുകളിൽ നേരിട്ടെത്തണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്നോണം ഈയാഴ്ച തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ നാലായി സർക്കാർ വെട്ടിക്കുറച്ചിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം തിങ്കളാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കൻ സർക്കാർ. വരുംമാസങ്ങളിൽ 50 ലക്ഷം ശ്രീലങ്കക്കാരെ ഭക്ഷ്യക്ഷാമം നേരിട്ടുബാധിക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.