ഇക്വറ്റോറിയൽ ഗുവാനയിലെ സൈനികതാവളത്തിൽ വൻ സ്ഫോടനം; 20 മരണം, 500 പേർക്ക് പരിക്ക്
text_fieldsമലാബോ: മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗുവാനയിലെ സൈനിക താവളത്തിലുണ്ടായ സ്ഫോടനത്തിൽ 20 മരണം. 500 പേർക്ക് പരിക്കേറ്റു. ഗുവാനയിലെ വലിയ നഗരമായ ബാതാ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന നോഅ റ്റോമ സൈനികതാവളത്തിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്.
സൈനികതാവളത്തിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് അടക്കമുള്ള സ്ഫോടകവസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രസിഡന്‍റ് തിയോഡോറോ ഒബിയാങ് നുയേമ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ബാതയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് പുകയും പൊടിയും വ്യാപിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ചിതറിതെറിച്ച മനുഷ്യ ശരീരങ്ങൾ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. സംഭവത്തിൽ രാജ്യാന്തര സഹായം പ്രസിഡന്‍റ് ഒബിയാങ് അഭ്യർഥിച്ചിട്ടുണ്ട്.
മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ എണ്ണ, വാതക വിഭവമുള്ള പട്ടണമാണ് ബാതാ. 78കാരനായ ഒബിയാങ് ആണ് കഴിഞ്ഞ 42 വർഷമായി രാജ്യത്തിന്‍റെ പ്രസിഡന്‍റ്. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദം വഹിക്കുന്ന വ്യക്തിയാണ് ഒബിയാങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.