സൂനാമി ദുരന്ത ഓർമ പുതുക്കി ലോകം
text_fieldsജകാർത്ത: ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായ സൂനാമിക്ക് 20 വയസ്സ് പൂർത്തിയായ വ്യാഴാഴ്ച ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ അനുസ്മരണങ്ങൾ നടന്നു. 2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ആഞ്ഞടിച്ച സൂനാമിയിൽ 14 രാജ്യങ്ങളിൽ രണ്ടര ലക്ഷം പേർ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമിയാണ് തെക്കൻ, തെക്കുകിഴക്കൻ ഏഷ്യയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സൂനാമിക്ക് കാരണമായത്. സമുദ്രത്തിന്റെ അടിത്തട്ടിൽ 800 മൈൽ (1300 കിലോമീറ്റർ) വിള്ളൽ വീഴ്ത്തിയ സൂനാമിയിൽ കടൽത്തിരമാലകൾ 30 മീറ്റർ ഉയർന്നു.
ഇന്തോനേഷ്യയിൽ മാത്രം 1.60 ലക്ഷം പേരാണ് സൂനാമിയിൽ കൊല്ലപ്പെട്ടത്. സൂനാമി അനുസ്മരണ ഭാഗമായി ഏറ്റവും കനത്ത നാശമുണ്ടാക്കിയ ആചയ് പ്രവിശ്യയിലെ ബൈതുർറഹ്മാൻ പള്ളിയിൽ മൂന്ന് മിനിറ്റ് നേരം സൈറൺ മുഴങ്ങി. തുടർന്ന് പ്രാർഥനയും നടന്നു. പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദ ആചയിൽ കൂട്ടക്കുഴിമാടങ്ങൾ സന്ദർശിക്കാനും പ്രാർഥിക്കാനുമായി ആയിരക്കണക്കിന് പേരെത്തി. ശ്രീലങ്കയിൽ രണ്ട് മിനിറ്റ് നിശ്ശബ്ദത പാലിച്ചാണ് സൂനാമി വാർഷികം ആചരിച്ചത്. കൊളംബോയിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള പെരലിയെയിലാണ് പ്രധാന അനുസ്മരണ ചടങ്ങുകൾ നടന്നത്. ഇവിടെ സൂനാമിയിൽ ഓഷ്യൻ ക്വീൻ എക്സ്പ്രസ് ട്രെയിൻ ഒലിച്ചുപോയി 3000ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തായ്ലൻഡിൽ ബാൻ നാം ഖേം എന്ന കുഞ്ഞു ഗ്രാമത്തിൽ നിരവധി പേർ ഒത്തുകൂടി. 8000ത്തിലേറെ പേരാണ് തായ്ലൻഡിൽ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.