ഹെയ്തിയെ തകർത്തെറിഞ്ഞ 2010ലെ ഭൂകമ്പം; മരിച്ചത് 2.20 ലക്ഷത്തിലേറെ പേർ, ഇന്നും അവസാനിക്കാത്ത കെടുതികൾ
text_fieldsഭൂകമ്പങ്ങൾ തകർത്തെറിഞ്ഞ മണ്ണാണ് കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്തിയുടേത്. 2010ൽ ഹെയ്തിയിലുണ്ടായ ഭൂകമ്പം ചരിത്രത്തിലെ തന്നെ ഏറ്റവും നാശം നേരിട്ട ദുരന്തങ്ങളിലൊന്നാണ്. ഇനിയും അവസാനിക്കാത്ത ഭൂകമ്പ ദുരിതങ്ങളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കുമ്പോഴാണ് ശനിയാഴ്ച വീണ്ടും ഹെയ്തിയെ തകർത്തെറിഞ്ഞ് മറ്റൊരു ഭൂകമ്പമെത്തിയത്.
2010 ജനുവരി 12നുണ്ടായ ഭൂകമ്പത്തില്‍ ഇല്ലാതായത് ഹെയ്തിയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം തന്നെയാണ്. 2.20 ലക്ഷത്തിനും 3.16 ലക്ഷത്തിനും ഇടയിൽ ആളുകൾക്ക് മരണം സംഭവിച്ചിരിക്കാമെന്നാണ് കണക്കാക്കുന്നത്. 70,000 മൃതശരീരങ്ങള്‍ ഒരേ സമയം കൂട്ടശ്മശാനത്തില്‍ മറവു ചെയ്തിരുന്നു. ഭൂകമ്പത്തിന്‍റെ കെടുതികള്‍ നേരിട്ടനുഭവിച്ചത് മുപ്പത് ലക്ഷത്തോളം ജനങ്ങളാണ്.
ജനുവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.53ന് തലസ്ഥാന നഗരിയായ പോര്‍ട്ടോ പ്രിന്‍സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ഒരു പ്രദേശത്തെയാകെ കീഴ്മേല്‍ മറിച്ച ഭൂകമ്പത്തിന് തൊട്ടുപുറകെ നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.
മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടരലക്ഷത്തോളം ഭവനങ്ങളും ഭൂകമ്പത്തില്‍ നശിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരം, നാഷനല്‍ അസംബ്ലി കെട്ടിടം, പോര്‍ട്ടോ പ്രിന്‍സ് കത്തീഡ്രല്‍, മുഖ്യ ജയില്‍ എന്നിവയുള്‍പ്പടെ നിരവധി സുപ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ പ്രദേശത്തുള്ള എല്ലാ ആശുപത്രികളും തകര്‍ന്നടിഞ്ഞത് മരണസംഖ്യ കൂട്ടാനിടയാക്കി.
ഹെയ്തിയിലെ യു.എന്‍ ദൗത്യസംഘം മേധാവി ഉള്‍പ്പെടെ പതിനഞ്ച് യു.എന്‍ ജീവനക്കാരും ദുരന്തത്തില്‍ മരിച്ചു. 56 പേര്‍ക്ക് പരുക്കേറ്റു. ക്രിസ്റ്റഫര്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍ സമാധാന സേനയുടെ അഞ്ചുനില കെട്ടിടവും തകര്‍ന്നിരുന്നു. ഭൂകമ്പത്തില്‍ ആരോഗ്യരക്ഷാകേന്ദ്രങ്ങളെല്ലാം നശിച്ചതോടെ രാജ്യത്ത് കോളറ പടര്‍ന്ന് പിടിച്ചു. നിരവധി മനുഷ്യര്‍ കോളറ ബാധിച്ചും മരിച്ചു.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ കാരുണ്യത്തിന്‍റെ സഹായവുമായെത്തിയത് ഹെയ്തിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിതരുടെ പുനരധിവാസത്തിനും സഹായകരമായി. വര്‍ഷങ്ങളെടുത്ത് ഹെയ്തിയുടെ പുനര്‍നിർമാണം സാധ്യമാക്കിയെങ്കിലും രാജ്യം കണ്ട വലിയ ഭൂകമ്പത്തിന്‍റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതമായിരുന്നില്ല. ഭൂകമ്പത്തെ തുടര്‍ന്ന് പലായനം ചെയ്തവരില്‍ പലരും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.
എട്ട് വർഷത്തിന് ശേഷം ശക്തമായ മറ്റൊരു ഭൂകമ്പവുമുണ്ടായി. 2018 ഒക്ടോബർ ഏഴിന് രാത്രിയായിരുന്നു റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനം. മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അന്ന് കനത്ത നാശമുണ്ടായില്ല.
റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായത്. ഇതേത്തുടർന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് സംവിധാനം മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
ഹെയ്തി തലസ്ഥാനമായ പോർട്ടോ പ്രിൻസിന് 150 കിലോമീറ്റർ അകലെയുള്ള പെറ്റിറ്റ് ട്രോ ഡിനിപ്പ്സ് മേഖലയിൽ 10 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഹെയ്തിയെ കൂടാതെ സമീപ രാഷ്ട്രങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 304 മരണമാണ് സ്ഥിരീകരിച്ചത്. 1800ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കെട്ടിടങ്ങളാണ് തകർന്നത്. കൃത്യമായ നാശനഷ്ടങ്ങളും ആൾനാശവും വിലയിരുത്തി വരുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.