പ്രോട്ടീൻ ഗവേഷണത്തിലെ നിർമിത ബുദ്ധിക്ക് രസതന്ത്ര നൊബേൽ
text_fieldsസ്റ്റോക്ഹോം: ദശലക്ഷക്കണക്കിന് പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ നിർമിതബുദ്ധി ഉപയോഗിച്ച ഗൂഗ്ൾ ഡീപ്മൈൻഡിലെ ഗവേഷകരായ ഡെമിസ് ഹസാബിസ് (48), ജോൺ ജംപർ (39), എന്നിവർക്കും കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ച് പുതിയ പ്രോട്ടീൻ സൃഷ്ടിച്ച വാഷിങ്ടൺ സർവകലാശാലയിലെ ഡേവിഡ് ബേക്കറി(60)നും ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം. റോയൽ സ്വീഡിഷ് അക്കാദമിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഭൗതിക ശാസ്ത്രത്തിന് പിന്നാലെയാണ് രസതന്ത്രത്തിലും നിർമിതബുദ്ധി നൊബേൽ പുരസ്കാര നേട്ടത്തിൽ നിർണായകമാകുന്നത്.
ജീവന്റെ അടിസ്ഥാന രാസഘടകമായ പ്രോട്ടീൻ അമിനോ അമ്ലങ്ങൾ കൊണ്ടാണ് നിർമിക്കുന്നത്. 20 അമിനോ അമ്ലങ്ങൾ കൊണ്ട് നിർമിതമായ 200 ദശലക്ഷം പ്രോട്ടീനുകളാണ് ഗവേഷകർ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെയെല്ലാം ഘടന നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവചിച്ചു എന്നതാണ് ബ്രിട്ടീഷ് കമ്പ്യൂട്ടർ സയന്റിസ്റ്റ് ഡോ. ഹസാബിസിന്റെയും അമേരിക്കൻ ഗവേഷകനായ ജോൺ ജംപറുടെയും നേട്ടമെന്ന് അക്കാദമി വിലയിരുത്തി. ലണ്ടനിലെ ഗൂഗ്ളിന്റെ കേന്ദ്ര എ.ഐ. ലാബായ ഗൂഗ്ൾ ഡീപ്മൈൻഡ് വികസിപ്പിച്ച ആൽഫഫോൾഡ്2 എന്ന നിർമിതബുദ്ധി മാതൃകയാണ് ഇതിനായി അവർ ഉപയോഗിച്ചത്.
ആൽഫഫോൾഡിന്റെ വരവിനു മുമ്പ്, മാസങ്ങളും ദശാബ്ദങ്ങളുമെടുത്താണ് ഗവേഷകർ ഓരോ പ്രോട്ടീനിന്റെയും സവിശേഷ ആകൃതി കണ്ടെത്തിയിരുന്നത്. എന്നാൽ, ആൽഫഫോൾഡിന്റെ വരവോടെ മണിക്കൂറുകൾകൊണ്ട് അല്ലെങ്കിൽ മിനിറ്റുകൾകൊണ്ട് ഇത് സാധ്യമായി. പ്രോട്ടീൻ ഘടനയെക്കുറിച്ചുള്ള കൃത്യമായ ധാരണ മരുന്ന് നിർമാണത്തിലും മറ്റും വൻ നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
2003ലാണ് പ്രഫ. ബേക്കർ അമിനോ അമ്ലം ഉപയോഗിച്ച് പുതിയ പ്രോട്ടീന് രൂപം നൽകിയത്. മരുന്ന്, പ്രതിരോധ വാക്സിൻ എന്നിവയിൽ ഉപയോഗിക്കുന്ന പുതിയ പ്രോട്ടീനുകളുടെ സൃഷ്ടിയിലേക്ക് ഇത് വഴിതുറന്നു. 1990കളിൽ രൂപം നൽകിയ റോസെറ്റ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ് അദ്ദേഹം പ്രോട്ടീൻ ഘടന തിരിച്ചറിഞ്ഞത്. ഏകദേശം ഒമ്പത് കോടി രൂപ വരുന്ന സമ്മാനത്തുകയിൽ പകുതി ഡെമിസ് ഹസാബിസിനും ജംപർക്കും ലഭിക്കും. ശേഷിക്കുന്ന പകുതി പ്രഫ. ഡേവിഡ് ബേക്കറിനും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.