പാകിസ്താൻ പൊതുതെരഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടികയായി
text_fieldsഇസ്‍ലാമാബാദ്: ഫെബ്രുവരി എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പാകിസ്താനിൽ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. പാർലമെന്റിലേക്കും പ്രവിശ്യ അസംബ്ലികളിലേക്കുമായി 17,816 സ്ഥാനാർഥികളാണ് ആകെയുള്ളത്.
6031 പേർ വിവിധ പാർട്ടി ടിക്കറ്റിൽ മത്സരിക്കുമ്പോൾ 11,785 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. മുൻ പ്രധാനമന്ത്രിമാരായ നവാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്), ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി എന്നിവയാണ് പ്രധാനമായി മത്സരരംഗത്തുള്ളത്.
ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിയും ശക്തമായ സാന്നിധ്യമാണ്. ജയിലിലുള്ള ഇംറാൻ ഖാന് മത്സരിക്കാൻ അനുമതിയില്ല. അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രധാന നേതാക്കളുടെയും പത്രിക തള്ളിയിട്ടുണ്ട്. 342 അംഗ പാർലമെന്റിലേക്ക് 266 പേരെ ഓരോ മണ്ഡലത്തിൽനിന്നും നേരിട്ട് തെരഞ്ഞെടുക്കും. വനിതകൾ, മതന്യൂനപക്ഷങ്ങൾ എന്നിവർക്ക് സംവരണം ചെയ്ത 70 സീറ്റിലേക്ക് ജനറൽ സീറ്റിലെ അംഗത്വത്തിന്റെ അനുപാതത്തിൽ പാർട്ടികൾക്ക് നാമനിർദേശം ചെയ്യാം. ഗോത്രവിഭാഗങ്ങൾക്ക് നീക്കിവെച്ച ആറു സീറ്റിലേക്കും നാമനിർദേശത്തിലൂടെയാണ് അംഗങ്ങളെ കണ്ടെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.