തായ്‍വാൻ വ്യോമാതിർത്തിയിൽ ചൈനീസ് പോർവിമാനങ്ങൾ; യുദ്ധക്കപ്പലുകൾ അണിനിരത്തി യു.എസ്
text_fieldsതായ്പേയ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാൻ സന്ദർശിച്ചതിന് പിന്നാലെ പോർവിമാനങ്ങൾ വിന്യസിച്ച് ചൈനയുടെ മുന്നറിയിപ്പ്. 20ലേറെ ചൈനീസ് പോർവിമാനങ്ങൾ തായ്‍വാൻ വ്യോമപ്രതിരോധ മേഖലയിൽ കടന്ന് പ്രകോപനം സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധസജ്ജരായിരിക്കാൻ തായ്‍വാൻ സ്വന്തം സൈനികർക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലുള്ള നാല് യുദ്ധക്കപ്പലുകൾ അതിർത്തിയിൽ അണിനിരത്തി യു.എസും പ്രത്യാക്രമണ സൂചന നൽകുന്നു.
ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി യു.എസാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു.1.4 ബില്യൻ ചൈനീസ് പൗരൻമാരെ ശത്രുക്കളാക്കിയിരിക്കുകയാണ് യു.എസ്. ചൈനയെ വെല്ലുവിളിച്ച് യു.എസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി.
തായ്‍വാനിൽ അമേരിക്കൻ പ്രതിനിധി എത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. ചൊവ്വാഴ്ച രാത്രി തായ്‍വാനിലിറങ്ങിയ പെലോസി ബുധനാഴ്ച പ്രസിഡന്റുമായി സംഭാഷണം നടത്തും. കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് മുതിർന്ന യു.എസ് നേതാവ് തായ്‍വാൻ സന്ദർശിക്കുന്നത്.
അമേരിക്കൻ സ്പീക്കർ തായ്‍വാനിലെത്തുന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് കരുത്തു പകരുമെന്നാണ് ചൈനയുടെ ആധി. യു.എസ്.എസ് റൊണാൾഡ് റീഗൻ, യു.എസ്.എസ് ആന്റിയറ്റാം, യു.എസ്.എസ് ഹിഗിൻസ്, യു.എസ്.എസ് എന്നീ കപ്പലുകളാണ് ദക്ഷിണ ചൈന കടലിൽ തായ്‍വാൻ അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുന്നത്. ഇവക്കെതിരെ ചൈനയുടെ കപ്പലുകളും സജ്ജമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പെലോസി തായ്‍വാൻ സന്ദർശിക്കുന്നത് തീകൊണ്ട് കളിക്കലാണെന്നും നോക്കിനിൽക്കില്ലെന്നും ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, തായ്‍വാൻ അതിർത്തിയോടു ചേർന്ന ചൈനീസ് നഗരമായ സിയാമെനിൽ കവചിത വാഹനങ്ങൾ നീങ്ങുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.