മരണമുഖത്ത് റിപ്പോർട്ടിങ്ങിനിടെ കൊല്ലപ്പെട്ടത് 22 മാധ്യമപ്രവർത്തകർ
text_fields
ന്യൂയോർക്ക്: ഗസ്സ മരണമുനമ്പിൽ റിപ്പോർട്ടിങ്ങിനിടെ കൊല്ലപ്പെട്ടത് 22 മാധ്യമപ്രവർത്തകർ. ഈ മാസം ഏഴിന് ഇസ്രായേൽ-ഹമാസ് സംഘർഷം അതി രൂക്ഷമായതിനു ശേഷം 22 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ഓഫ് പ്രൊട്ടക്ട് ജേണലിസ്റ്റ് (സി.പി.ജെ) അറിയിച്ചു.
സംഘർഷം ആരംഭിച്ചതിന് ശേഷം 4,000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 22 പത്രപ്രവർത്തകരും ഉൾപ്പെടുന്നു, കൊല്ലപ്പെട്ടവരിൽ 18 പേർ പലസ്തീൻകാരും മൂന്ന് ഇസ്രായേലികളും ഒരാൾ ലെബനൻ പൗരനുമാണ്. എട്ട് റിപ്പോർട്ടർമാർക്ക് പരിക്കേൽക്കുകയും മൂന്ന് പേരെ കാണാതാവുകയോ തടങ്കലിൽ വെക്കുകയോ ചെയ്തിട്ടുണ്ടെന്നും സി.പി.ജെ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.
സംഘർഷം കവർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഗസ്സയിലെ മാധ്യമപ്രവർത്തകർ വൻ അപകടസാധ്യതകളാണ് നേരിടുന്നത്. ഏതു നിമിഷവും ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥയിൽ അതികഠിനമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് മാധ്യമ പ്രവർത്തകർ കടന്നുപോകുന്നത്.
സാധാരണക്കാരാണ് പത്രപ്രവർത്തകരെന്നും യുദ്ധം ചെയ്യുന്ന കക്ഷികൾ അവരെ ലക്ഷ്യം ചെയ്യരുതെന്നും സി.പി.ജെയുടെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം കോർഡിനേറ്റർ ഷെരീഫ് മൻസൂർ പറഞ്ഞു. ഹൃദയഭേദകമായ സംഘർഷം കവർ ചെയ്യാൻ മേഖലയിലുടനീളമുള്ള മാധ്യമപ്രവർത്തകർ വലിയ ത്യാഗങ്ങൾ ചെയ്യുന്നു.
എല്ലാ കക്ഷികളും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ ലെബനനിലേക്ക് സംഘർഷം പടർന്നപ്പോൾ മുറിവേറ്റവർ ഉൾപ്പെടെ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്ത എല്ലാ സംഭവങ്ങളും അന്വേഷിക്കുന്നതായി സംഘടന വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.