ക്യൂബയിൽ വൻ സ്ഫോടനം: 22 മരണം
text_fieldsഹവാന: ക്യൂബൻ തലസ്ഥാനനഗരം ഹവാനയിലെ ഹോട്ടലിൽ നടന്ന വൻ സ്ഫോടനത്തിൽ 22 പേർ മരിച്ചു. 74 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആളുകളെ രക്ഷിക്കാനായി സന്നദ്ധസേനാ പ്രവർത്തകരും പൊലീസും ഊർജിതശ്രമം നടത്തുകയാണ്.
സജീവ ഭൂചലന സാധ്യത മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ക്യൂബ. അതിനാൽതന്നെ ഭൂചലനമാണ് തകർച്ചക്ക് ഇടയാക്കിയതെന്നാണ് ആദ്യം കരുതിയത്. പിന്നീട് ഹോട്ടലിനു സമീപത്തുനിന്നു വാതകച്ചോർച്ചയുണ്ടായതാണ് അപകടത്തിനു കാരണമെന്നു കണ്ടെത്തി.
അട്ടിമറിസാധ്യതയോ ഭീകരപ്രവർത്തനമോ സ്ഫോടനത്തിനു പിന്നിലില്ലെന്നും അപകടം മൂലമുണ്ടായ ദുരന്തമാണിതെന്നും ക്യൂബൻ അധികൃതർ അറിയിച്ചു. ഒരു കുട്ടിയും ഗർഭിണിയായ യുവതിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പരിക്കേറ്റവരിൽ 14 പേർ കുട്ടികളാണ്.
ഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളും കാറുകളുമടക്കമുള്ള വാഹനങ്ങളും കത്തിനശിച്ചു. ക്യൂബയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ സാറടോഗയിലാണ് സ്ഫോടനം നടന്നത്. ഗായിക ബിയോൺസ് നോൾ, എഴുത്തുകാരൻ റാഫേൽ ആൽബെർടി, മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയവർ ക്യൂബൻ സന്ദർശനവേളയിൽ താമസിച്ച ഹോട്ടലാണിത്. ചരിത്രപ്രാധാന്യമുള്ള ഹോട്ടൽ പൂർണമായും തകർക്കപ്പെട്ടു.19ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കെട്ടിടം നിർമിച്ചത്. 1930ൽ ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ടലായി ഇതു മാറി. 2005ൽ നവീകരണത്തിനുശേഷം 96 മുറികളോടെ വീണ്ടും പ്രവർത്തനമാരംഭിച്ചു.
ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയസ് കാനൽ അപകടം നടന്ന സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഹെർമാനോസ് ആശുപത്രിയും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.