ലിബിയയിൽ വെടിവെപ്പ്, സ്ഫോടനം: 23 മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsട്രിപളി: ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ യുവ ഹാസ്യനടൻ മുസ്തഫ ബറാകയും ഉൾപ്പെടുന്നു. മിലിഷ്യകളെയും അഴിമതിയെയും പരിഹസിച്ചുള്ള മുസ്തഫയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നെഞ്ചിൽ വെടിയേറ്റാണ് ഇദ്ദേഹം മരിച്ചത്.
2011ലെ ജനകീയ പ്രക്ഷോഭത്തിൽ 30 വർഷത്തോളം രാജ്യം ഭരിച്ച മുഅമ്മർ ഗദ്ദാഫിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെയാണ് ലിബിയയിൽ ആഭ്യന്തരകലാപം രൂക്ഷമായത്. എന്നാൽ രണ്ടുവർഷത്തോളമായി സംഘർഷങ്ങളൊന്നുമില്ലാതെ രാജ്യം ശാന്തമായിരുന്നു.
ശനിയാഴ്ച അന്താരാഷ്ട്ര പിന്തുണയുള്ള സർക്കാർ എതിരാളിയായ ഫത്ഹി ബഷഗ്ധയുടെ മിലിഷ്യയുടെ വാഹനവ്യൂഹത്തെ പിൻവലിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമായത്.
പിന്നാലെ തലസ്ഥാനമായ ട്രിപളിയിൽ ചെറിയ രീതിയിൽ വെടിവെപ്പും സ്ഫോടനങ്ങളുമുണ്ടായി. നഗരത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു.നിരവധി ആശുപത്രികൾ സ്ഫോടനങ്ങളിൽ തകർന്നതായി എമർജൻസി സർവീസുകൾ അറിയിച്ചു. ആക്രമണം തുടരുന്ന മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ശ്രമം തുടരുകയാണ്. ലിബിയയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രംഗത്തുവന്നിട്ടുണ്ട്.
ഒരുകാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും സമ്പന്നതയിൽ കഴിഞ്ഞ രാജ്യമായിരുന്നു ലിബിയ. ആരോഗ്യസംവിധാനവും വിദ്യാഭ്യാസവും തികച്ചും സൗജന്യമായിരുന്നു ഇവിടെ. എന്നാൽ നിരന്തരമുണ്ടായ കലാപങ്ങളും സംഘർഷങ്ങളും രാജ്യത്തെ അസ്ഥിരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.