പാകിസ്താനിൽ വോട്ടെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂർ; ഫലം പ്രഖ്യാപിക്കാത്തതിൽ ദുരൂഹത; അട്ടിമറി സാധ്യതയെന്ന്
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായി 24 മണിക്കൂർ പിന്നിട്ടിട്ടും ഫലം പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയുയരുന്നു. അഞ്ചുമണിയോടെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇന്ന് രാവിലെയോടെ ഫലം അറിഞ്ഞുതുടങ്ങിയെങ്കിലും പൂർണ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
ഇന്റർനെറ്റ് പ്രശ്നം മൂലമാണ് ഫലം വൈകുന്നതെന്നായിരുന്നു പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പോളിങ് ഉദ്യോഗസ്ഥരോട് എത്രയും വേഗം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വലിയ തോതിലുള്ള ഇന്റർനെറ്റ് പ്രശ്നമാണ് നേരിട്ടത്.-എന്നാണ് പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ സെക്രട്ടറി സഫർ ഇഖ്ബാൽ നൽകിയ വിവരം.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളിൽ 16 പേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെ രാജ്യത്ത് മൊബൈൽ ഫോൺ സർവീസുകളും സസ്പെൻഡ് ചെയ്തിരുന്നു. ഇതും ഫലം വൈകാൻ കാരണമായെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്കും(പി.ടി.ഐ) വിലക്കുണ്ട്. അതിനാൽ പി.ടി.ഐയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥികളാണ് പോരിനിറങ്ങിയത്. തെരഞ്ഞെടുപ്പ് റാലി നടത്തുന്നതിനു പോലും വിലക്കുള്ള പി.ടി.ഐയുടെ പേരും ചിഹ്നവും ബാലറ്റ് പേപ്പറിൽ നിന്ന് നീക്കിയിരുന്നു. തുടർന്നാണ് പാർട്ടി പിന്തുണയിൽ സ്വതന്ത്രരായി മത്സരിക്കാൻ സ്ഥാനാർഥികൾ നിർബന്ധിതരായത്.
ഔദ്യോഗിക ഫലം പുറത്തുവന്നതനുസരിച്ച് പി.ടി.ഐ പിന്തുണക്കുന്ന സ്വതന്ത്രർ 46 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നുവെന്നാണ്. നവാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്‍ലിം ലീഗിന് 38 ഉം പാകിസ്താൻ പീപ്ൾസ് പാർട്ടിക്ക് 31ഉം സീറ്റുകളാണ് ഇതുവരെ ലഭിച്ചത്. 134 സീറ്റ് ലഭിക്കുന്ന പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാം.
തെരഞ്ഞെടുപ്പ് ഫലം വൈകുന്നത് പാകിസ്താന്റെ സാമ്പത്തിക അവസ്ഥയിലും പ്രതിഫലിക്കും. ഈ അനിശ്ചിതത്വം കാരണം കറാച്ചി ഓഹരി വിപണിയിൽ ഇടിവുണ്ടായതായാണ് റിപ്പോർട്ട്. ഫലം വൈകുന്നത് ജനങ്ങൾക്കിടയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ചിലരെങ്കിലും തെരഞ്ഞെടുപ്പിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫലത്തിൽ ക്രമക്കേട് കാണിക്കാനുള്ള സാധ്യത ഉറപ്പാണെന്നാണ് ആളുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.