ബംഗ്ലാദേശിൽ ഹോട്ടലിൽ 24 പേരെ ജീവനോടെ കത്തിച്ചു; കൊല്ലപ്പെട്ടവരിൽ ഇന്തോനേഷ്യൻ പൗരനും
text_fieldsധാക്ക: ബംഗ്ലാദേശിൽ കനത്ത സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ അവാമി ലീഗ് നേതാവിന്റെ നക്ഷത്ര ഹോട്ടൽ കത്തിച്ച് ജനക്കൂട്ടം 24 പേരെ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുത്തിരുന്നു. ജോഷോർ ജനറൽ ഹോസ്പിറ്റലിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന് ഭയക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 150ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഭരണകക്ഷിയായ അവാമി ലീഗിന്റെ ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ വ്യാപക ആക്രമണം നടക്കുന്നതായും വാർത്തകളുണ്ട്. താഴെ നിലയിൽ അക്രമികൾ തീയിടുകയും ഉടൻതന്നെ തീ മുകളിലേക്ക് പടരുകയുമായിരുന്നു.
കോപാകുലരായ ജനക്കൂട്ടം ധാക്കയിലെ ബംഗബന്ധു അവന്യൂവിലുള്ള കേന്ദ്ര ഓഫിസ് ഉൾപ്പെടെ നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും വസതികളും വ്യാപാര സ്ഥാപനങ്ങളും തകർത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹസീനയുടെ പലായനവാർത്ത പരന്നതോടെ, ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വീണ്ടും വ്യാപക അക്രമങ്ങൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.