സായുധ അട്ടിമറി നീക്കം; 25 തീവ്രവലതുപക്ഷക്കാർ ജർമനിയിൽ അറസ്റ്റിൽ
text_fieldsബർലിൻ: സായുധ നീക്കത്തിലൂടെ ജർമൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി തീവ്രവലതുപക്ഷ സംഘടനയിൽ അംഗങ്ങളായ 25 പേരെ അറസ്റ്റ് ചെയ്തു. ജർമനിയിലെ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ 3000ഓളം പൊലീസുകാർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായതെന്ന് ഫെഡറൽ പ്രോസിക്യൂഷൻ അറിയിച്ചു. റീച്ച് സിറ്റിസൺസ് മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങളാണിവർ. ഇവരിൽ ചിലർ രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഭരണഘടനയെ അംഗീകരിക്കാത്തവരാണ്. ഭീകര വിരുദ്ധ ഓപറേഷനാണ് നടന്നതെന്നും രാജ്യത്തെ സ്ഥാപനങ്ങൾക്ക് നേരെ ഇവർ സായുധ ആക്രമണം ആസൂത്രണം ചെയ്തിരിക്കാമെന്നും നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ പറഞ്ഞു.
22 ജർമൻ പൗരന്മാരെയും ഇവരെ പിന്തുണച്ച റഷ്യൻ പൗര അടക്കം മറ്റ് മൂന്നുപേരെയും പിടികൂടിയിട്ടുണ്ട്. മറ്റ് 27 പേർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ജർമനിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ കാൾവിലെ സ്പെഷൽ ഫോഴ്സസ് യൂനിറ്റ് ബാരക്കുകളിലും പരിശോധന നടന്നതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. കാൾവിലെ സൈനിക യൂനിറ്റിലെ ചില പട്ടാളക്കാർക്ക് തീവ്രവലതുപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, സൈനിക ബാരക്കുകളിൽ പരിശോധന നടന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഭീകര സംഘടനയുമായി ബന്ധമുള്ള ഒരാൾ ഓസ്ട്രിയയിലും മറ്റൊരാൾ ഇറ്റലിയിലെ പെറൂജിയയിലും പിടിയിലായതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
'ജർമൻ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ഭീകര സംഘടന പ്രവർത്തനം തുടങ്ങിയത്. സ്വന്തം രീതിയിലുള്ള ഭരണം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പാർലമെന്റ് ആക്രമിക്കാനും തയാറെടുപ്പുകൾ നടത്തിയിരുന്നു ' പ്രോസിക്യൂട്ടർമാർ പറഞ്ഞു. പി.ആർ. ഹെൻറീച്ച്, വി.പി റൂഡിഗർ എന്നിവരാണ് നേതൃത്വം നൽകിയത്. ഇതിൽ റൂഡിഗർ മുൻ പാരാട്രൂപ്പ് അംഗമാണ്. റൂഡിഗറിന് റഷ്യൻ വനിതയായ വിറ്റാലിയ സഹായം നൽകിയിരുന്നതായും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മുൻ വനിത ജഡ്ജും ഉൾപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.