ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 25 പേരെ കാണാതായി
text_fieldsജക്കാർത്ത: ഇന്തോനേഷ്യയിലെ മകാസർ കടലിടുക്കിൽ ബോട്ട് മുങ്ങി 25 പേരെ കാണാതായി. വ്യാഴാഴ്ച രാവിലെ മകാസറിലെ തുറമുഖത്തുനിന്ന് പാങ്കെപ് റീജൻസിയിലെ കൽമാസ് ദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ബോട്ടിൽ 42 പേരുണ്ടായിരുന്നുവെന്നും മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം നടന്നതെന്നും സൗത്ത് സുലവേസി നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി തലവൻ ജുനൈദി പറഞ്ഞു. കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഇതിനകം 17 പേരെ കണ്ടെത്തി ടഗ് ബോട്ടുകൾ വഴി കരയിലെത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി ജുനൈദി പറഞ്ഞു. വ്യാഴാഴ്ച മകാസർ കടലിടുക്കിൽ 2.5 മീറ്റർ (8 അടി) വരെ തിരമാലകൾ ഉണ്ടാകുമെന്ന് ഇന്തോനേഷ്യയുടെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 17,000 ദ്വീപുകളുള്ള ഇന്തോനേഷ്യ ജലഗതാഗതത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ്.
കഴിഞ്ഞയാഴ്ച കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ 800ലധികം ആളുകളുമായി സഞ്ചരിച്ച ഫെറി മുങ്ങുകയും രണ്ട് ആളുകൾ ദിവസത്തോളം കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു, ആർക്കും പരിക്കില്ല. 2018ൽ സുമാത്ര ദ്വീപിൽ ഒരു ഫെറി മുങ്ങി 150ലധികം ആളുകൾ മരിച്ചിരുന്നു. 1999 ഫെബ്രുവരിയിലാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ അപകടം നടന്നത്. 332 പേരുമായി സഞ്ചരിച്ച യാത്രാ കപ്പൽ മുങ്ങുകയും 20 പേർ മാത്രം രക്ഷപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.