പാകിസ്താനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാർ ഉൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം
text_fieldsഇസ്‌ലാമബാദ്: പാകിസ്താനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് അപകടം. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബസിൽ ആകെ ഉണ്ടായിരുന്നത് 27 യാത്രക്കാരാണ്. ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു. ഗരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. 13 പേരുടെ മൃതദേഹമാണ് നദിയിൽനിന്ന് കണ്ടെടുത്തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പൂർണമായും തകർന്ന ബസ് ക്രെയിനിന്‍റെ സഹായത്തോടെയാണ് കരയിലെത്തിച്ചത്.
ഗതാഗത നിയമലംഘനവും മോശം റോഡുകളും കാരണം പാകിസ്താനിൽ റോഡപകടങ്ങൾ വലിയ തോതിൽ ഉയരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഓഗസ്റ്റിൽ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ അപകടം ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.