ബ്രിട്ടന്റെ ഹൃദയം കീഴടക്കി 26 ഇന്ത്യൻ വംശജർ
text_fieldsലണ്ടൻ: കുടിയേറ്റ വിരുദ്ധ നയം ഏറെ ചർച്ച ചെയ്യപ്പെട്ട ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ വിജയം വരിച്ച് നിരവധി ഇന്ത്യൻ വംശജർ. 107 ഇന്ത്യൻ വംശജരാണ് ഈ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ചത്. ലേബർ പാർട്ടിയിലെയും കൺസർവേറ്റിവ് പാർട്ടിയിലെയും 26 സ്ഥാനാർഥികൾ വിജയിച്ചു. നേരത്തേ 15 ഇന്ത്യൻ വംശജരാണ് ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസിൽ അംഗങ്ങളായിരുന്നത്. 2021ലെ സെൻസസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യൻ വംശജരാണ് ബ്രിട്ടനിലുള്ളത്. ഇന്ത്യ വിരുദ്ധ നിലപാട് കാരണം 2019ൽ പരാജയപ്പെട്ട ലേബർ പാർട്ടിയാണ് ഇത്തവണ ഏറ്റവും അധികം ഇന്ത്യൻ വംശജരെ സ്ഥാനാർഥികളാക്കിയത്. ഋഷി സുനകിന് പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ടെങ്കിലും ആദ്യമായി ഇന്ത്യൻ വംശജന്റെ നേതൃത്വത്തിൽ ഒരു പാർട്ടി ജനവിധി തേടിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രമുഖ ഇന്ത്യൻ വംശജർ:
ഋഷി സുനക്
കൺസർവേറ്റിവ് പാർട്ടി നേതാവായ ഋഷി സുനക് റിച്ച്മണ്ട് നോർത്തലർട്ടൺ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്. 23,059 വോട്ടുകൾ അദ്ദേഹം നേടി. ലേബർ പാർട്ടിയുടെ ടോം വിൽസണേക്കാൾ 12,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സുനകിന് ലഭിച്ചത്. നിലവിൽ റിച്ച്മണ്ട് മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് സുനക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.
പ്രിതി പട്ടേൽ
എസക്സിലെ വിതാം മണ്ഡലത്തിൽനിന്ന് മത്സരിച്ച ദാമെ പ്രിതി പട്ടേൽ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 18,827 വോട്ടുകൾ നേടി മികച്ച വിജയമാണ് അവർ സ്വന്തമാക്കിയത്. എതിരാളിയും ഇന്ത്യൻ വംശജയുമായ ലേബർ പാർട്ടിയുടെ റൂമി ചൗധരിക്ക് 13,682 വോട്ടുകൾ ലഭിച്ചു. കൺസർവേറ്റിവ് പാർട്ടി അംഗമായ പ്രിതിക്ക് വേണ്ടി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രചാരണം നടത്തിയിരുന്നു. ഗുജറാത്തി വംശജയായ പ്രിതി 2019 മുതൽ 2022 വരെ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
സുവെല്ല ബ്രേവർമാൻ
കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥിയായ സുവെല്ല ബ്രേവർമാൻ ഫെയർഹാം, വാട്ടർലൂവില്ലേ മണ്ഡലത്തിൽനിന്ന് 6000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ലേബർ പാർട്ടിയുടെ ഗെമ്മ ഫർണിവല്ലായിരുന്നു പ്രധാന എതിരാളി. മുൻ ആഭ്യന്തര സെക്രട്ടറിയായ സുവെല്ലയെ ഫലസ്തീൻ വിരുദ്ധ, കുടിയേറ്റ വിരുദ്ധ പ്രസ്താവനകളെ തുടർന്ന് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു. ഫലസ്തീൻ അനുകൂല റാലിയെ ‘വിദ്വേഷ മാർച്ച്’ എന്ന് വിശേഷിപ്പിച്ച സുവെല്ല, ഫലസ്തീൻ കൊടി പിടിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഡോ. നീൽ ശാസ്ത്രി ഹേസ്റ്റ്
നാഷനൽ ഹെൽത്ത് സർവിസിൽ ന്യൂറോപതി വിഭാഗം ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന നീൽ ശാസ്ത്രി സോളിഹുൾ വെസ്റ്റ്, ഷേർലി മണ്ഡലത്തിലാണ് ജനവിധി തേടിയത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കേസുകളിൽ അഭിഭാഷകനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥിയായ ഇദ്ദേഹം 16,284 വോട്ടുകൾ നേടി ലേബർ പാർട്ടിയുടെ ഡീഡ്രേ ഫോക്സിനെയാണ് തോൽപിച്ചത്.
ശിവാനി രാജ
ലീസസ്റ്റർ ഈസ്റ്റ് മണ്ഡലത്തിൽനിന്ന് 14,526 വോട്ടുകൾ നേടിയാണ് കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥിയായ ശിവാനിയുടെ വിജയം. ലേബർ പാർട്ടി സ്ഥാനാർഥി രാജേഷ് അഗർവാളിനെയാണ് തോൽപിച്ചത്. മുൻ എം.പിമാരായ ക്ലൗഡ് വെബും കീത് വാസും ഈ മണ്ഡലത്തിൽ നാലും അഞ്ചും സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വരിന്ദർ ജൂസ്സ്, പ്രീത് കൗർ ഗിൽ, തൻമൻജീത് സിങ് ധേസി, ലിസ നാൻഡി, സീമ മൽഹോത്ര, ഗുരിന്ദർ സിങ് ജോസാൻ, കനിഷ്ക നാരായൺ, സോണിയ കുമാർ, ജാസ് അത്വാൽ, ബാഗി ശങ്കർ, സത്വീർ കൗർ, ഹർപീത് ഉപ്പൽ, നദിയ വിറ്റോമി, സോജൻ ജോസഫ്, നവേന്ദു വിശ്ര, സുരീന ബ്രാകൻബ്രിഡ്ജ്, കിരിത് എന്റ്വിസിൽ, ജീവുൻ സാന്ദർ, വലേരി വാസ് എന്നിവരാണ് വിജയിച്ച ഇന്ത്യൻ വംശജരായ മറ്റു സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.