ഗോത്രവർഗക്കാർ തമ്മിൽ സംഘർഷം: പാപുവ ന്യൂ ഗിനിയയിൽ 26 പേരെ കൂട്ടക്കൊല ചെയ്തു
text_fieldsമെൽബൺ: ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിൽ സംഘർഷം. തുടർന്നുണ്ടായ അക്രമത്തിൽ 26 പുരുഷന്മാരെ കൂട്ടക്കൊല ചെയ്തതായി ആസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. ഒരു ഗോത്രവും അവരുടെ കൂലിപ്പടയാളികളുംചേർന്ന് അയൽ ഗോത്രത്തെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സൗത്ത് പസഫിക്കിലെ എംഗയുടെ ഉയർന്ന പ്രദേശങ്ങളിൽ ആക്രമണം നടന്നതെന്ന് റോയൽ പാപുവ ന്യൂ ഗിനിയ കോൺസ്റ്റബുലറി ആക്ടിംഗ് സൂപ്രണ്ട് ജോർജ് കാകാസ് ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞു. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഘർഷ സ്ഥലത്തുനിന്ന് പോലീസ് മൃതദേഹങ്ങൾ ട്രക്കുകളിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആസ്‌ട്രേലിയയുടെ ഏറ്റവും അടുത്ത അയൽരാജ്യവും ആസ്‌ട്രേലിയൻ വിദേശ സഹായം ഏറ്റവും കൂടുതൽ സ്വീകരിക്കുന്നതുമായ പാപ്പുവ ന്യൂ ഗിനിയയെ സഹായിക്കാൻ തയാറാണെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു.
പാപുവ ന്യൂ ഗിനിയയിൽ നിന്ന് പുറത്തുവന്ന വാർത്തകൾ വളരെ അസ്വസ്ഥമാക്കുന്നതാണ്. പാപുവ ന്യൂ ഗിനിയയ്ക്ക് ആസ്‌ട്രേലിയ ഇതിനകം തന്നെ പിന്തുണ നൽകുന്നുണ്ടെന്നും രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ സഹായിക്കുമെന്നും അൽബാനീസ് പറഞ്ഞു. 2022ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാപുവ ന്യൂ ഗിനിയയിലെ എങ്കയിൽ ഗോത്രവർഗ അക്രമം രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.