മ്യാന്മറിലെ മണ്ണിടിച്ചിൽ: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
text_fieldsയംഗോൻ: വടക്കൻ മ്യാന്മറിലെ ഖനിയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി. ഇവ പുരുഷന്മാരുടേതാണെന്ന് തിരിച്ചറിഞ്ഞതായി സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് മണ്ണിടിച്ചിലിൽ 80ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ബുധനാഴ്ച പുലർച്ചെ നാലിന് ചൈനീസ് അതിർത്തിയോടുചേർന്ന കച്ചിൻ സംസ്ഥാനത്തെ ഹിപ്കാന്ത് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികളായ നൂറോളം പേർ മണ്ണിനടിയിലാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. കാണാതായവരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കില്ലെന്നാണ് ഹിപ്കാന്ത് ടൗൺഷിപ് പൊലീസ് പറയുന്നത്.
ആഭരണങ്ങളിൽ പതിക്കുന്ന രത്നക്കല്ലുകളുടെ കേന്ദ്രമായ മ്യാന്മറിൽ അനധികൃത ഖനനം വ്യാപകമാണ്. കാണാതായവരിൽ ഏറെയും അനധികൃത ഖനി തൊഴിലാളികളാണ്. ഹിപ്കാന്ത് ഖനന മേഖലയിൽ മണ്ണിടിച്ചിൽ പതിവാണെന്നും കഴിഞ്ഞ വർഷം ജൂലൈയിൽ ഹിപ്കാന്തിലെ ജേട് മൈനിങ് സൈറ്റിൽ വൻ മണ്ണിടിച്ചിലുണ്ടാവുകയും 174 പേർ മരിക്കുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും സിൻഹുവാ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.