ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി മൂന്ന് മരണം; നിരവധി പേരെ കാണാതായി
text_fieldsഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി മൂന്ന് പേർ മരിച്ചു. നിരവധി പേരെ കാണാതായ സാഹചര്യത്തിൽ ഈജിയൻ സമുദ്രത്തിൽ വ്യോമ-നാവിക സേനകൾ അന്വേഷണം ഊർജ്ജിതമാക്കി.
ഏഥൻസിന് 180 കിലോമീറ്റർ തെക്കുകിഴക്കായി തെക്കൻ സൈക്ലേഡ്‌സിലെ ഫോലെഗാൻഡ്രോസ് ദ്വീപിൽ നിന്ന് ഇറാഖിൽ നിന്നുള്ളവരെന്ന് കരുതപ്പെടുന്ന 12 പേരെ രക്ഷിച്ചതായും മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തതായും കോസ്റ്റ് ഗാർഡ് പറഞ്ഞു. 11 പുരുഷന്മാരെയും ഒരു സ്ത്രീയെയും സമീപത്തെ സാൻറോറിനി ദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോട്ടിൽ 32 പേരുണ്ടായിരുന്നെന്നും ബോട്ടിലേക്ക് വെള്ളം കയറിയതാണ് അപകട കാരണമെന്നും രക്ഷപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. എന്നാൽ ബോട്ടിൽ 50 പേരുണ്ടായിരുന്നുവെന്ന് യാത്രക്കാരിലൊരാൾ മൊഴി നൽകി. അതേസമയം, ബോട്ടിന് എഞ്ചിൻ തകരാർ സംഭവിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി ഓപ്പറേഷൻ ആരംഭിച്ചതെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.
ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾക്ക് യൂറോപ്യൻ യൂണിയനിലേക്കെത്തുന്നതിന് ഏറ്റവും പ്രശസ്തമായ റൂട്ടുകളിൽ ഒന്നാണ് ഗ്രീസ്. തുർക്കി തീരത്ത് നിന്ന് അടുത്തുള്ള കിഴക്കൻ ഈജിയൻ ഗ്രീക്ക് ദ്വീപുകളിലേക്ക് ചെറുതോണികളിലാണ് മിക്കവരും സഞ്ചരിക്കാറുള്ളത്.
എന്നാൽ പട്രോളിങ് വർധിപ്പിക്കുകയും, പിടിക്കപ്പെടുന്നവരെ തിരികെ തുർക്കിയിലേക്ക് നാടുകടത്തുകയും ചെയ്യുമെന്ന ആരോപണത്തെത്തുടർന്ന്, പലരും വലിയ കപ്പലുകളിൽ ദൈർഘ്യമേറിയ വഴികളിലൂടെയാണ് സഞ്ചാരം. സൈക്ലേഡിലെ തെക്കൻ ദ്വീപുകളിലൊന്നായ ഫോലെഗാൻഡ്രോസ്, കുടിയേറ്റക്കാരുടെ സാധാരണ പാതയിലുൾപ്പെട്ടതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.