ഗസ്സയിൽ മൂന്ന് ഇസ്രായേൽ സൈനികരെ കൂടി വധിച്ചു
text_fieldsഗസ്സ: ആഴ്ചകളായി ജബലിയ അഭയാർഥി ക്യാമ്പ് വളഞ്ഞ് കുട്ടികളടക്കമുള്ളവരെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ അധിനിവേശ സേനയിലെ മൂന്നുപേരെ ഫലസ്തീൻ പോരാളികൾ വധിച്ചു. ടാങ്ക് ബോംബിട്ട് തകർത്താണ് അതിനകത്തുള്ള മൂന്നുസൈനികരെയും കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ടാങ്കിലുണ്ടായിരുന്ന നാലാമത്തെ സൈനികന് പരിക്കേറ്റു.
കമാൻഡർ ബരാക് ഇസ്രായേൽ സാഗൻ, സർജൻറ് ഇഡോ ബെൻ സ്വി, സാർജൻറ് ഹില്ലെൽ ഒവാഡിയ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും 460ാം കവചിത ബ്രിഗേഡിലെ 196ാം ബറ്റാലിയൻ അംഗങ്ങളാണ്.
വടക്കൻ ഗസ്സയിലെ ജബലിയയിൽ വെള്ളിയാഴ്ചയാണ് ഇവർ കൊല്ലപ്പെട്ടത്. മേഖലയിൽ പ്രവർത്തനക്ഷമമായ ഏക ആശുപത്രിയായ കമാൽ അദ്വാൻ ഹോസ്പിറ്റലിൽ ഇരച്ചുകയറി ഐസി.യു.വിലുള്ള രോഗികളെയടക്കം പുറത്തിറക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്രായേൽ സേനക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
തെക്കൻ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ ഇന്നലെ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയും 5 പേരെ ഹിസ്ബുല്ല വധിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. 24 സൈനികർക്ക് പരിക്കേറ്റതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഗസ്സയിൽ കരയാക്രമണത്തിൽ മാത്രം 361 സൈനികർ മരിച്ചതായാണ് ഇസ്രായേൽ പറയുന്നത്.
അതിനിടെ, വടക്കൻ ഗസ്സയിലെ നാലു ലക്ഷം ഫലസ്തീനികൾക്കായി അവശേഷിച്ച അവസാന ആതുരാലയമായ കമാൽ അദ്വാൻ ആശുപത്രിക്കു നേരെ ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. ഇവിടെയുള്ള മറ്റു രണ്ട് ആശുപത്രികളായ ഇന്തോനേഷ്യൻ ആശുപത്രിയും അൽഔദ ആശുപത്രിയും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദിവസങ്ങളായി പ്രവർത്തനരഹിതമാണ്.
കുരുന്നുകളടക്കമുള്ളവർക്ക് ഓക്സിജനും കുടിവെള്ളവും മുടക്കിയാണ് വെള്ളിയാഴ്ച പുലർച്ച രണ്ടുമണിയോടെ ബയ്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിയിലേക്ക് വ്യോമാക്രമണം തുടങ്ങിയത്. ആശുപത്രി മുറ്റത്തും കെട്ടിടങ്ങളിലും കനത്ത ബോംബിങ് തുടരുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽബർഷ് അറിയിച്ചു. മെഡിക്കൽ ഓക്സിജൻ ജനറേറ്റർ തകർത്തതിനെ തുടർന്ന് ഇൻക്യുബേറ്ററും ഐ.സി.യുവും മുടങ്ങി കുട്ടികൾ മരണത്തിന് കീഴടങ്ങി.
ബോംബിങ്ങിനുപിറകെ ഇസ്രായേൽ സൈന്യം ആശുപത്രിയിലെത്തി ഐ.സി.യുവിലുള്ള രോഗികളോടടക്കം മുറ്റത്തിറങ്ങാൻ ആവശ്യപ്പെട്ടു. അകത്തുള്ളവരെ ക്രൂരമർദനത്തിനിരയാക്കി. ആരോഗ്യ പ്രവർത്തകർ അടക്കമുള്ള പുരുഷന്മാരെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ ജബാലിയയിൽ ഒരുഭാഗത്തെ ഡസനിലേറെ കെട്ടിടങ്ങളാണ് വ്യാഴാഴ്ച രാത്രിയോടെ പൂർണമായി ഇടിച്ചുനിരത്തിയത്. 150ഓളം പേർ ഇവിടെ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ബയ്ത് ലാഹിയയിൽ വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ ഗസ്സയിൽ ഖാൻ യൂനുസിലും സമാന കൂട്ടക്കൊല തുടരുകയാണ്.
ഖാൻ യൂനുസിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നടന്ന വ്യോമാക്രമണങ്ങളിൽ 14 കുരുന്നുകളടക്കം 38 പേർ കൊല്ലപ്പെട്ടു. കനത്ത ആക്രമണം തുടരുന്ന ലബനാനിൽ മൂന്ന് മാധ്യമ പ്രവർത്തകരെ ഇസ്രായേൽ സേന വധിച്ചു. തെക്കൻ ലബനാനിലെ ഹസബിയ്യയിൽ ഗെസ്റ്റ് ഹൗസിൽ ഉറങ്ങിക്കിടക്കെയായിരുന്നു ഇവർക്കുനേരെ ആക്രമണം. അൽമയാദീൻ ടി.വിയിലെ രണ്ടുപേരും അൽമനാർ ടി.വിയുടെ ഒരാളുമാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.