വാതക ചോർച്ച: യു.കെയിൽ മൂന്നുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് മരണം
text_fieldsലണ്ടൻ: യു.കെ ജേഴ്‌സിയിലെ അപ്പാർട്ട്‌മെന്റിൽ ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന്പേർ കൊല്ലപ്പെട്ടു. നിരവധിപേരെ കാണാതായി.
ദ്വീപിന്റെ തുറമുഖ തലസ്ഥാനമായ സെന്റ് ഹീലിയറിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് വാതക ചോർച്ചയുണ്ടായത്. തുടർന്നുണ്ടായ സ്ഫോടനത്തിലാണ് മരണം സംഭവിച്ചതെന്ന് മുഖ്യമന്ത്രി ക്രിസ്റ്റീന മൂർ വ്യക്തമാക്കി.
മൂന്ന് നിലകളുള്ള കെട്ടിടത്തെ ഒരു തീഗോളം വിഴുങ്ങുന്നത് സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ തന്റെ ഫ്ലാറ്റിന്റെ ജനലുകൾ തകർന്നുവെന്നും പുറത്ത് എല്ലായിടത്തും തീ ഉണ്ടായിരുന്നുവെന്നും സമീപവാസിയായ ആന്റണി ആബട്ട് പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അഗ്നിശമനസേനയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജേഴ്സിയുടെ ഗ്യാസ് വിതരണക്കാരായ ഐലൻഡ് എനർജി പറഞ്ഞു.
തീ അണച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് ദിവസങ്ങളെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. സമീപത്തെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഗ്യാസ് ചോർന്നതിന്റെ ഗന്ധം അടിച്ചതിനെ തുടർന്ന് സമീപ വാസികൾ അഗ്നി ശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.