അഹ്മദ് അർബറി വധം: വെള്ളക്കാരായ പിതാവിനും മകനും ജീവപര്യന്തം
text_fieldsവാഷിങ്ടൺ: യു.എസിലെ ജോർജിയ സംസ്ഥാനത്ത് ആഫ്രിക്കൻ വംശജനായ അഹ്മദ് അർബറിയുടെ (25) കൊലപാതകത്തിൽ വെള്ളക്കാരായ പിതാവും മകനുമടക്കം മൂന്നു പേർക്ക് ജീവപര്യന്തം. ഗ്രിഗറി മക്മൈക്കിൾ (66), മകൻ ട്രാവിസ് മക്മൈക്കിൾ (35), അയൽവാസി വില്യം റോഡി ബ്രയാൻ എന്നിവരെയാണ് ജഡ്ജി തിമോത്തി വാംസ്ലെ ശിക്ഷിച്ചത്.
പരോളില്ലാതെ ശിക്ഷ പൂർത്തിയാക്കണമെന്നും കോടതി വിധിച്ചു. ബ്രയാന്‍ 30 വർഷത്തിനുശേഷം പരോൾ ലഭിച്ചേക്കും. ഹീനമായ കൊലപാതകം നടത്തിയ പ്രതികൾ ദാക്ഷിണ്യം അർഹിക്കുന്നില്ലെന്ന് തിമോത്തി നിരീക്ഷിച്ചു. ജോർജിയയിലെ ബ്രൂൻസ് വിക്കിലായിരുന്നു അർബറിയുടെ താമസം. വെള്ളക്കാരാണ് ഈ മേഖലയിലെ താമസക്കാരിൽ കൂടുതലും. 2020 ഫെബ്രുവരി 23നാണ് ദാരുണസംഭവം.
ബ്രൂൻസ് വിക്കിനു പുറത്തെ തെരുവിൽ ജോഗിങ് നടത്തുകയായിരുന്ന അർബറിയെ പിന്തുടർന്ന് തടഞ്ഞുവെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ആദ്യം ആരുമറിയാതെ പോയ കൊലപാതകത്തിന്റെ വിഡിയോ പ്രചരിച്ചപ്പോഴാണ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുറ്റവാളികളുടെ അറസ്റ്റിനായി വ്യാപക പ്രതിഷേധമുയർന്നു. മോഷ്ടാവാണെന്ന് കരുതിയാണ് അർബറിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതികളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.