മേയ് ഒമ്പതിലെ കലാപത്തിൽ പ്രതിഷേധിച്ച് ഇംറാൻ ഖാന്റെ പാർട്ടി വിട്ട് പ്രമുഖർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയിൽനിന്ന് രാജി തുടരുന്നു. 2019 മുതൽ 2020 വരെ വാർത്താവിനിമയ കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റായിരുന്ന ഫിർദൗസ് ആഷിഖ് അവാനാണ് ഒടുവിൽ രാജിവെച്ചത്. മുൻ ജനക്ഷേമ മന്ത്രികൂടിയാണ് ഇവർ. പാർട്ടിയുടെ അക്രമാസക്തവും ഭീകരവുമായ പ്രവർത്തനങ്ങളിൽ മടുത്താണ് രാജിയെന്ന് അവർ പറഞ്ഞു. ഇംറാൻ ഖാനും പാകിസ്താനും ഒരുമിച്ചുപോകാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
പാർട്ടിയുടെ സെക്രട്ടറി ജനറൽ അസദ് ഉമർ, മുൻ വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി, മുൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി, മുൻ മന്ത്രി ആമിർ മെഹ്മൂദ് കിയാനി, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് മാലിക് അമീൻ അസ്ലം എന്നിവർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മേയ് ഒമ്പതിന് സൈനികകേന്ദ്രങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിട്ടുപോയ നേതാക്കൾ പറഞ്ഞു.
ബുധനാഴ്ച അദിയാല ജയിലിൽനിന്ന് മോചിതനായ ഉടനാണ് അസദ് ഉമർ രാജി പ്രഖ്യാപനം നടത്തിയത്. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും അദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ തനിക്ക് സാധ്യമല്ലെന്ന് അസദ് ഉമർ പറഞ്ഞു. പാർട്ടിയുടെ സെക്രട്ടറി ജനറൽ, കോർ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽനിന്ന് രാജിവെക്കുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമ്മർദത്തിന് വഴങ്ങിയല്ല താൻ പാർട്ടി സ്ഥാനങ്ങളിൽനിന്ന് രാജിവെക്കുന്നത്. പാർട്ടി വിട്ടിട്ടില്ലെന്നും സ്ഥാനങ്ങൾ രാജിവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മേയ് ഒമ്പതിന് നടന്ന ഏറ്റവും അപകടകരമായ കാര്യം സൈനിക സ്ഥാപനങ്ങൾക്കുനേരെ നടന്ന ആക്രമണമാണെന്ന് അസദ് ഉമർ പറഞ്ഞു. പാകിസ്താനിൽ സൈന്യത്തിന്റെ സ്ഥാനം എന്താണെന്ന് ഇംറാൻ ഖാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ ഒരു സൈന്യം ഇല്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ സിറിയയുടേതുപോലെയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി വിട്ടുപോയ നേതാക്കളുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയതായി ഇംറാൻ ഖാൻ അറിയിച്ചു. തന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും ഭരണകൂട ഭീകരതയുടെ സമ്പൂർണ സമ്മർദം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.