താലിബാൻ ആക്രമണത്തിൽ 34 പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ 34 പൊലീസുകാർ കൊല്ലപ്പെട്ടു. താലിബാൻ-സർക്കാർ ചർച്ച തുടങ്ങിയ ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. പൊലീസിെൻറ വാഹനവ്യൂഹത്തിനുനേരെ താലിബാൻ പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഡെപ്യൂട്ടി പൊലീസ് ചീഫും ഉൾപ്പെട്ടതായി പ്രവിശ്യ സർക്കാർ വക്താവ് പറഞ്ഞു. ഇതേക്കുറിച്ച് താലിബാൻ പ്രതികരണം വന്നിട്ടില്ല. ആക്രമണം നടന്ന മേഖല താലിബാൻ നിയന്ത്രണത്തിലാണ്.
അതിനിടെ, രാജ്യം വിടാൻ വിസ അപേക്ഷ നൽകാനുള്ള തിക്കിലും തിരക്കിലുംപെട്ട് അഫ്ഗാനിസ്ഥാനിൽ 11 സ്ത്രീകളും മരിച്ചു. ഫുട്ബാൾ സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാകിസ്താനിലേക്കുള്ള വിസക്കായി എത്തിയതായിരുന്നു ഇവരെന്ന് കിഴക്കൻ നൻഗറാർ പ്രവിശ്യ ഗവർണറുടെ വക്താവ് അത്താവുല്ല ഖോഗ്യാനി പറഞ്ഞു. 13 പേർക്ക് സാരമായ പരിക്കുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രായമായവരാണ് മരിച്ചവരിൽ അധികം പേരും.
കോവിഡ് പടർന്നതിനെ തുടർന്ന് നൻഗറാറിലെ പാകിസ്താൻ കോൺസുലേറ്റ് എട്ടുമാസത്തോളമായി അടച്ചിരുന്നു. ഇത് തുറന്നപ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനാണ് സ്റ്റേഡിയം തിരഞ്ഞെടുത്തത്. ഇവിടെ വിസ അപേക്ഷ കൈകാര്യം ചെയ്യാൻ 320 ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു. ഒരാഴ്ചക്കകം പാകിസ്താൻ എംബസി 19,000 വിസകൾ നൽകിയിട്ടുണ്ട്. സാമ്പത്തിക അരക്ഷിതാവസ്ഥ, ആഭ്യന്തര യുദ്ധം എന്നീ പ്രശ്നങ്ങളിൽ നിന്ന് രക്ഷതേടി ലക്ഷക്കണക്കിനാളുകളാണ് പാകിസ്താനിലേക്ക് പോകുന്നത്. ആശുപത്രി ആവശ്യങ്ങൾക്കും വ്യാപാരത്തിനും മറ്റുമായുള്ള സഞ്ചാരവും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.