ഇറാഖിൽ മണ്ണിലടിഞ്ഞുപോയൊരു നഗരം വീണ്ടും കണ്ടെത്തി, 40 വർഷത്തിനു ശേഷം
text_fieldsബഗ്ദാദ്: നഷ്ടപ്പെട്ടുപോയിരുന്നുവെന്ന് കരുതിയ വിലപ്പെട്ട ഒന്ന് അനേക വർഷത്തിനുശേഷം വീണ്ടെടുത്താൽ ഉണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതമാണ്. അതുപോലൊരു സന്തോഷത്തിലാണ് ജർമൻ-കുർദിഷ് പുരാവസ്തുഗവേഷകരുടെ സംഘം. ഇറാഖിലെ ടൈഗ്രിസ് നദീതീരത്ത് നിലനിന്നിരുന്ന 3400 വർഷം പഴക്കമുള്ളൊരു നഗരമാണ് ഗവേഷകസംഘം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ബി.സി 1475നും 1275നുമിടെയാണ് നഗരം രൂപംകൊണ്ടതെന്നാണ് കരുതുന്നത്. വടക്കൻ യൂഫ്രട്ടീസ്-ടൈഗ്രിസ് മേഖലകൾ അക്കാലത്ത് മിത്താനി രാജവംശത്തിന്റെ കീഴിലായിരുന്നു. ഈ വർഷാദ്യം ഈ ഭാഗത്തുണ്ടായ കൊടുംവരൾച്ചയാണ് നഗരത്തിന്റെ പുനർ ആവിർഭാവത്തിന് കാരണമായത്.
ഇഷ്ടികയിലും മണ്ണിലും കെട്ടിപ്പടുത്ത കൊട്ടാരത്തിന്റെ ചുവരുകളുടെ അവശിഷ്ടങ്ങളും ടവറുകളും ബഹുനിലക്കെട്ടിടങ്ങളും വെളിപ്പെട്ടു. മിത്താനി രംജവംശത്തിന്റെ കാലത്ത് വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന സഖീകു നഗരമായിരുന്നു ഗവേഷകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
40 വർഷം മുമ്പ് അതായത് 1980കളിൽ മൊസൂളിൽ ജലസംഭരണി പണിതതിനു പിന്നാലെയാണ് നഗരം മുങ്ങിപ്പോയത്. വരൾച്ചയിൽ ജലസംഭരണിയിലെ വെള്ളം വറ്റിയതോടെ നഗരം വീണ്ടും 'പ്രത്യക്ഷ'മാവുകയായിരുന്നു. വെള്ളത്തിൽ ആഴ്ന്നുപോയിട്ടും മണ്ണിലും ഇഷ്ടികയിലും പണിത കൊട്ടാരത്തിന്റെതെന്നു കരുതുന്ന ചുവരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ബി.സി 1350 ലുണ്ടായ ഭൂകമ്പത്തിൽ തകർന്നതാണ് സഖികു നഗരമാണിതെന്നാണ് അനുമാനിക്കുന്നത്. അക്കാലത്തെ കളിമൺഫലകങ്ങളിൽ രേഖപ്പെടുത്തിയ ലിപിയും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.