ഡിനിപ്രോ ആക്രമണത്തിൽ മരിച്ചവർ 44 ആയി
text_fieldsകിയവ്: തെക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏറ്റവും ഒടുവിൽ ഒരു കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തതായി മേയർ ബോറിസ് ഫിലാറ്റോവ് അറിയിച്ചു. മരിച്ചതിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. 76 പേർക്ക് പരിക്കേറ്റു. 1700 പേർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനുനേരെയാണ് ശനിയാഴ്ച റഷ്യ മിസൈൽ ആക്രമണം നടത്തിയത്. അതേസമയം, കഴിഞ്ഞവർഷം ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം 453 കുട്ടികൾ ഉൾപ്പെടെ 9,000 പൗരന്മാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡൻഷ്യൻ ഉദ്യോഗസ്ഥരുടെ മേധാവി ആൻഡ്രി യെർമാക് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. റഷ്യക്കാർക്കെതിരെ 80,000 യുദ്ധക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ ബഖ്മുട്ടിനടുത്തുള്ള 15ലധികം ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായും യുക്രെയ്ൻ സായുധസേന മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.