യുക്രെയ്നിൽനിന്ന് 40 ഇന്ത്യൻ വിദ്യാർഥികൾ പോളണ്ടിലെത്തി; റൊമാനിയയിലേക്ക് ബസ് പുറപ്പെട്ടു
text_fieldsകിയവ്: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി രാജ്യങ്ങളിലെത്തി. പോളണ്ടിന്റെ അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ലിവിവിലെ 40 മെഡിക്കൽ കോളജ് വിദ്യാർഥികൾ യുക്രെയ്നിൽനിന്ന് മടങ്ങി.
അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ വരെ കോളജ് ബസിലാണ് ഇവർ എത്തിയത്. തുടർന്ന് നടന്നുകൊണ്ട് അതിർത്തി താണ്ടുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ വിദ്യാർഥികൾ നിരനിരായി നീങ്ങുന്ന ചിത്രം ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
യുക്രെയ്നിൽ ഏകദേശം 16,000 ഇന്ത്യക്കാരുണ്ട്. ഇതിൽ കൂടുതലും വിദ്യാർഥികളാണ്. റഷ്യൻ സേനയുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ബേസ്‌മെന്റുകൾ തുടങ്ങിയ അഭയകേന്ദ്രങ്ങളിൽ കഴിയുകയാണ് പലരും. 470 ഇന്ത്യക്കാർ അതിർത്തി കടന്നതായാണ് വിവരം.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവിലും ചെർനിവറ്റ്സിയിലും ക്യാമ്പ് ഓഫിസുകൾ തുറന്നിട്ടുണ്ട്. പോളണ്ടിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ മന്ത്രാലയം ക്യാമ്പ് ഓഫിസുകളിലേക്ക് റഷ്യൻ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നു.
പോളണ്ടിന് പുറമെ റൊമാനിയൻ അതിർത്തിയിലേക്കും ഒരു സംഘം വിദ്യാർഥികൾ ബസിൽ പുറപ്പെട്ടു. അയൽ രാജ്യങ്ങളിൽ രക്ഷപ്പെട്ട് എത്തുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനങ്ങൾ അയക്കുന്നുണ്ട്. യാത്രാ ചെലവ് പൂർണമായും സർക്കാർ വഹിക്കും. ആദ്യ വിമാനത്തിൽ 17 മലയാളികളുമുണ്ട്.
രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലേക്ക് ഇന്ന് പുറപ്പെടും. ഒരു വിമാനം നാളെ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പറക്കും. വിമാനങ്ങൾ മുംബൈയിലും ഡൽഹിയിലുമാണ് തിരിച്ചെത്തുക. ഹംഗറിയിലെയും റൊമാനിയയിലെയും അതിർത്തി ചെക്ക് പോയിന്റുകൾക്ക് അടുത്തുള്ളവരോട് ആദ്യം പോകണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.