4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക് ഇറാനിൽ നിന്ന് കണ്ടെത്തി
text_fieldsസൗന്ദര്യവർദ്ധക വസ്തുക്കളുടെ ചരിത്രത്തിലേക്ക് ഇതാ ഇറാനിൽ നിന്നുള്ള 4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക് കൂടി. കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്‍റെ ചെറിയ കുപ്പിയാണെന്ന് ആദ്യം തോന്നിയതെങ്കിലും അന്വേഷണങ്ങൾക്കൊടുവിൽ ലിപ്സ്റ്റിക്കിന്‍റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 4,000 വർഷം പഴക്കമുള്ളതാണ്. മർഹാസി നാഗരികതയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
2001-ൽ ഇറാനിലെ ഹലീൽ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള നിരവധി പുരാതന ശ്മശാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ശ്മശാനങ്ങളിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്യുകയും ചെയ്തപ്പോഴാണ് പുരാതനമായ ഒരു കണ്ടെയ്നർ കണ്ടെത്തുന്നത്. സ്മിത്‌സോണിയൻ മാഗസിൻ പ്രകാരം ഇത് പിന്നീട് ജിറോഫ്റ്റിലെ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു.
പഠനത്തിനായി ഗവേഷകർ ഇരുണ്ട പർപ്പിൾ നിറത്തിലുള്ള പൊടി വേർതിരിച്ചെടുക്കുകയും അതിന്‍റെ രാസഘടന പരീക്ഷിക്കുകയും ചെയ്തു. ഹെമറ്റൈറ്റ്, മാംഗനൈറ്റ്, ബ്രൗണൈറ്റ്, ഗലീന, ആംഗിൾസൈറ്റ്, സസ്യങ്ങളിലെ മെഴുക് എന്നിവ ഉപയോഗിച്ചാണ് പൊടി നിർമ്മിച്ചിരിക്കുന്നതെന്ന് വിശകലനത്തിൽ കണ്ടെത്തി. ഇത് ഇപ്പോൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകളുമായി സാദൃശ്യമുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി.
കുപ്പിയുടെ വലിപ്പവും ആകൃതിയും ഇതേ കാലഘട്ടത്തിലെ മറ്റ് കോസ്മെറ്റിക് കുപ്പികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പ്രാചീന കാലങ്ങളിൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പാക്ക് ചെയ്ത് പ്രത്യേക രൂപത്തിലുള്ള കുപ്പികളിൽ വ്യാപാരം നടത്തിയിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഗവേഷണമനുസരിച്ച് സുഗന്ധമുള്ള ലിപ്സ്റ്റിക്കായിരിക്കാം ആകാലത്ത് ഉപയോഗിച്ചതെന്നും ഗവേഷകർ പറയുന്നു. കാരണം കണ്ടെത്തിയ ലിപ്സ്റ്റിക്കിൽ നിന്ന് സസ്യ നാരുകൾ കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.