‘ഇറാൻ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കി’ -ഇസ്രായേലിനെ തിരിച്ചടിച്ചതിനെ അപലപിച്ച് 48 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
text_fieldsതെൽഅവീവ്: തങ്ങളുടെ സൈനിക കമാൻഡർമാർ അടക്കം നിരവധി പ്രമുഖരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ നടത്തിയ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. ഇറാൻ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്ക് സമീപം വ്യോമാതിർത്തിയിലൂടെ മിസൈലുകൾ അയക്കുകയും ചെയ്തതായി 48 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയും ഇസ്രായേലും മറ്റ് 46 രാജ്യങ്ങളുമാണ് ഇറാന്റെ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ച് കൊണ്ടുള്ള പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഏപ്രിൽ ഒന്നിന് സിറിയയിലെ ഡമാസ്കസിൽ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിച്ച് മുതിർന്ന സൈനിക മേധാവികളെ കൊലപ്പെടുത്തിയതിന് പകരമായി ശനിയാഴ്ച രാത്രിയാണ് ഇറാൻ ഇസ്രായേലിനെതിരെ 300ഓളം മിസൈലുകളും ഡ്രോണുകളും അയച്ചത്.
നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇത് കാര്യമായ നാശനഷ്ടങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായേക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇറാൻ മറ്റ് നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവർ ചൂണ്ടിക്കാട്ടി.
പ്രസ്താവനയിൽ ഒപ്പിട്ടതിൽ പകുതിയിലധികവും യൂറോപ്യൻ രാജ്യങ്ങളാണ്. അമേരിക്കക്ക് പുറമേ അർജൻ്റീന, ഓസ്‌ട്രേലിയ, കാനഡ, ഇക്വഡോർ, ജപ്പാൻ, ന്യൂസിലാൻഡ്, മൈക്രോനേഷ്യ, പലാവു, പാപ്പുവ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.