കാട്ടുതീയിൽ അഞ്ച് പേർ വെന്തുമരിച്ചു ; 2000 വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചു, 1.30 ലക്ഷം പേരെ ഒഴിപ്പിച്ചു
text_fieldsലോസ് ആഞ്ജലസ്: യു.എസിലെ ലോസ് ആഞ്ജലസിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ കാട്ടുതീയിൽ അഞ്ചുപേർ മരിച്ചു. രണ്ട് ദിവസത്തിലേറെയായി കാട്ടുതീ തുടരുന്നതിനാൽ 1.30 ലക്ഷം പേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു. 2000 വീടുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കത്തിനശിച്ചു.
29,000ത്തോളം ഏക്കറിനാണ് തീപിടിച്ചത്. പാലിസേഡ്സ് ഹൈസ്കൂൾ, പസഫിക് തീരദേശ ഹൈവേ, പസഡെന ജൂത ദേവലായം തുടങ്ങിയവ കത്തിനശിച്ച പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ചിലതാണ്. ചൊവ്വാഴ്ച പസഫിക് പാലിസേഡ്സിലുണ്ടായ കാട്ടുതീ ശക്തമായ കാറ്റിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ഏക്കറുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ലിഡിയ, ഹേസ്റ്റ്, ഈറ്റൺ, പാലിസേഡ്സ് എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടിത്തമുണ്ടായത്.
ബുധനാഴ്ച വൈകീട്ടോടെ കാറ്റിന്റെ വേഗത കുറഞ്ഞത് ആശ്വാസമായെങ്കിലും ഹോളിവുഡ് ഹിൽസിൽ പുതിയ തീപിടിത്തമുണ്ടായത് ആശങ്കക്കിടയാക്കി. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഇറ്റലി സന്ദർശനം റദ്ദാക്കി. വിനാശകരമായ കാട്ടുതീ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് പ്രസിഡന്റ് ജോ ബൈഡനെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു.
ഹോളിവുഡിലെ പ്രമുഖ നടീനടന്മാരുടെ വീടുകളും കത്തിനശിച്ചു. ബില്ലി ക്രിസ്റ്റൽ, യൂജിൻ ലെവി, മാർക് ഹാമിൽ, ജെയിംസ് വൂഡ്സ്, കാരി എൽവിസ്, മാൻഡി മൂറിന്റെയും പാരീസ് ഹിൽട്ടണിന്റെയും വീടുകളാണ് നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.