സിറിയയിൽ അന്ത്യം കുറിച്ചത് 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ചക്ക്
text_fieldsഡമസ്കസ്: 13 വർഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയിലെ വിമതർക്ക് ഏറെ നിർണായക ദിനമായിരുന്നു ഇന്ന്. 54 വർഷമായി സിറിയയിൽ അധികാരത്തിലിരിക്കുകയായിരുന്നു അസദ് കുടുംബം. 1971ലാണ് ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ബശ്ശാർ അൽ അസദിന്റെ പിതാവ് സൈനിക ഏകാധിപതിയായിരുന്ന ഹാഫിസ് അൽ അസദ് അധികാരത്തിലേറിയത്. 2000 വരെ ഹാഫിസ് അൽ അസദ് സിറിയ ഭരിച്ചു. 2000ത്തിലാണ് മെഡിക്കൽ വിദ്യാർഥിയായിരുന്ന ബശ്ശാർ അൽ അസദ് സിറിയൻ ഭരണതലപ്പത്ത് വരുന്നത്. ബാത് പാർട്ടിയുടെ തലവനും സൈനിക മേധാവിയുമായിരുന്നു അപ്പോൾ ബശ്ശാർ.
2011ൽ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം സിറിയൻ തെരുവുകളിലേക്കും പടർന്നു. സ്വാതന്ത്ര്യവും ജനാധിപത്യ ഭരണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങൾ സിറിയൻ തെരുവുകളിലിറങ്ങി. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ അഞ്ചുലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു.
അത്രയോളം ആളുകൾക്ക് പരിക്കേറ്റു. നിരവധി ആളുകൾക്ക് കിടപ്പാടം നഷ്ടമായി. പ്രക്ഷോഭം അടിച്ചമർത്താൻ സ്വന്തം ജനതക്കു നേരെ ബശ്ശാർ രാസായുധ പ്രയോഗം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടുകൾ വരെ വന്നു. പോരാട്ടം മൂർഛിച്ചപ്പോൾ ഭരണപക്ഷത്തെ സഹായിച്ച് റഷ്യയും വിമതരെ സഹായിച്ച യു.എസും നേട്ടം കൊയ്തു. വർഷങ്ങൾ നീണ്ട ജനകീയ പോരാട്ടത്തിനാണിപ്പോൾ ഫലം കണ്ടിരിക്കുന്നത്.
സിറിയയിലെ അസദ് ഭരണകൂടത്തിന്റെ പതനം പശ്ചിമേഷ്യയിൽ പ്രതിഫലിക്കുന്ന ഒന്നുകൂടിയാണ്. ഇറാനെയും ലബനാനെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. വർഷങ്ങളായി ബശ്ശാർ സർക്കാരിനെ പിന്തുണയ്ക്കുന്ന സായുധ സംഘടനയാണ് ഹിസ്ബുല്ല. രണ്ടരക്കോടി ജനങ്ങളുള്ള സിറിയയിൽ പുതിയ ഭരണകൂടം സ്ഥാപിക്കുമെന്നാണ് വിമത സേനയുടെ പ്രഖ്യാപനം.
ദേശീയ ടെലിവിഷൻ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതർ പിടിച്ചെടുത്തിട്ടുണ്ട്. വിമതർ തലസ്ഥാനമായ ഡമസ്കസ് പിടിച്ചതോടെ പ്രസിഡന്റ് ബശ്ശാർ അൽ അസദ് രാജ്യം വിട്ടതായാണ് റിപ്പോർട്ട്. മുമ്പ് ബശ്ശാറിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരുന്ന ജയിലുകളും വിമതർ പിടിച്ചെടുത്ത് തടവിലുള്ളവരെ മോചിപ്പിക്കുന്നുണ്ട്. കുപ്രസിദ്ധമായ സെഡ്‌നായ ജയിൽ വിമതർ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചു.
ബശ്ശാർ ഭരണത്തിൽനിന്നു മുക്തി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഡമസ്കസിലെ തെരുവുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങളാണ് നടക്കുന്നത്. അതിനിടെ, സർക്കാറിന്റെ നടത്തിപ്പിനായി പ്രതിപക്ഷവുമായി കൈകോർക്കാൻ തയാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഘാസി ജലാലി വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.