ഇസ്രായേലിന് നേരെ ലെബനാനിൽ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകൾ എത്തിയെന്ന് പ്രതിരോധസേന
text_fieldsവാഷിങ്ടൺ: ഇസ്രായേലിനെ ലക്ഷ്യമിട്ട് ലബനാനിൽ നിന്നും റോക്കറ്റാക്രമണം. ആറ് റോക്കറ്റുകൾ എത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. സെൻട്രൽ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിൽ അഞ്ചെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം മൈതാനത്ത് പതിച്ചുവെന്നും പ്രതിരോധസേന അറിയിച്ചു.
അതേസമയം, ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. റോക്കറ്റ് ആക്രമണത്തിൽ വടക്കൻ തെൽ അവീവിലെ നെതന്യ, ഹെർസിലിയ എന്നിവിടങ്ങളിൽ സൈറൺ മുഴങ്ങുകയും ചെയ്തു. നിരവധി ഡ്രോണുകളും ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
ഗലീലി മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഡ്രോണാക്രമണം. കൂടുതൽ ആക്രമണങ്ങൾ ഇസ്രായേലിന് നേരെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വെടിനിർത്തൽ ചർച്ചകൾക്ക് ശ്രമം നടക്കുന്നതിനിടെ, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. ശനിയാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ എട്ടുനില കെട്ടിടം പൂർണമായും തകർന്നു. 11 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിസ്ബുല്ലയുടെ അൽ മനാർ ചാനൽ റിപ്പോർട്ട് ചെയ്തു.
പുലർച്ച നാലിന് അഞ്ച് മിസൈലുകൾ ഉപയോഗിച്ച് തലസ്ഥാനമായ ബൈറൂത്തിലെ ബാസ്തയിലുള്ള അൽ മാമൂൻ തെരുവിലായിരുന്നു ആക്രമണം. കെട്ടിടം നിലനിന്ന ഭാഗത്ത് ആക്രമണത്തെ തുടർന്ന് വൻ ഗർത്തം രൂപപ്പെട്ടു. തൊട്ടടുത്ത കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതിന്റെ ദൃശ്യങ്ങൾ അൽ ജദീദ് ചാനൽ പുറത്തുവിട്ടു. മുന്നറിയിപ്പില്ലാതെയായിരുന്നു മിസൈൽ പ്രയോഗം. മൂന്ന് കനത്ത സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി എ.എഫ്.പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.