വയസ്സ് ആറ്; അഞ്ച് കോടിയുടെ വീടും സ്ഥലവും സ്വന്തം - വെറുതേയായില്ല റൂബിയുടെ പോക്കറ്റുമണി
text_fieldsആസ്ത്രേലിയ: ആറാം വയസ്സിൽ പോക്കറ്റുമണിയൊക്കെ സ്വരുക്കൂട്ടി സ്വന്തമായി എന്ത് വാങ്ങാൻ കഴിയും? കൂടിപ്പോയാൽ ഒരു മൊബൈൽ ഫോൺ എന്നാകും നമ്മുടെ ഉത്തരം. പോക്കറ്റുമണി കൊണ്ട് ആസ്ത്രേലിയയിലെ ആറ് വയസ്സുകാരി റൂബി മക്ലെല്ലൻ വാങ്ങിയതെന്താണെന്നറിഞ്ഞാൽ നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകും. അഞ്ച് കോടി രൂപ വിലവരുന്ന വീടും സ്ഥലവുമാണ് റൂബി സ്വന്തമാക്കിയത്. ഒറ്റക്കല്ല, സഹോദരങ്ങളും തങ്ങളുടെ പോക്കറ്റുമണി ഇതിനായി റൂബിക്ക് നൽകി.
തെക്കുകിഴക്കൻ മെൽബണിലെ ക്ലൈഡിലാണ് റൂബിയും സഹോദരങ്ങളും വാങ്ങിയ ഭാഗികമായി നിർമിച്ച വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഇവരുടെ പിതാവ് കാം മക്ലെല്ലൻ ഒരു പ്രോപ്പർട്ടി നിക്ഷേപ വിദഗ്ധനാണ്. പിതാവിൻ്റെ സഹായത്തോടെയാണെങ്കിലും റൂബിയും സഹോദരങ്ങളും സ്വന്തമാക്കിയ ഈ നേട്ടം വീടെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പലർക്കും പ്രചോദനമാകുമെന്നാണ് ആസ്ത്രേലിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
പ്രോപ്പർട്ടി കമ്പനിയായ ഓപ്പൺ കോർപ്പറേഷന്റെ ഡയറക്ടറും സഹസ്ഥാപകനുമാണ് കാം. ഇതോടൊപ്പം വസ്തുവിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് നവംബറിൽ ഇദ്ദേഹം 'മൈ ഫോർ ഇയർ ഓൾഡ്, ദി പ്രോപ്പർട്ടി ഇൻവെസ്റ്റർ ' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ആസ്ത്രേലിയയിലെ ബെസ്റ്റ് സെല്ലറാണ് ഈ പുസ്തകം. ഇത് പാക്ക് ചെയ്യാൻ സഹായിച്ചും വീട്ടുജോലികളിൽ സഹായിച്ചും കാർ കഴുകിയുമൊക്കെയാണ് റൂബിയും സഹോദരങ്ങളായ ലൂസിയും ഗസും പോക്കറ്റുമണി സമ്പാദിച്ചത്. ഈ സമ്പാദ്യവും പിതാവിൽ നിന്നുള്ള ചെറിയ സംഭാവനയും ഉപയോഗിച്ചാണ് അവർ 6,71,000 ഡോളറിന് (ഏകദേശം അഞ്ചുകോടി രൂപ) വസ്തു വാങ്ങിയത്.
കൊറോണയ്ക്ക് ശേഷം മെൽബൺ ഏരിയയിലെ വീടുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. പക്ഷേ, ഇവയുടെ മൂല്യം ഭാവിയിൽ ഉയരുമെന്ന് മുൻകൂട്ടി കണ്ടാണ് കാം മക്ലെല്ലൻ റൂബിക്കും സഹോദരങ്ങൾക്കും ഇത്തരമൊരു ആശയം നടപ്പാക്കാൻ പ്രേരണ നൽകിയതെന്ന് 'ഡെയ്ലി സ്റ്റാർ' റിപ്പോർട്ട് ചെയ്യുന്നു. വസ്തു വാങ്ങാൻ കാം തന്റെ മൂന്ന് മക്കളെയും പ്രേരിപ്പിക്കുകയും പണം സമ്പാദിക്കേണ്ടതിന്റെ ഉത്തരവാദിത്തം കുട്ടികളെ ബോധ്യപ്പെടുത്താൻ പോക്കറ്റുമണി വർധിപ്പിക്കുക എന്ന ആശയം അവർക്ക് നൽകുകയുമായിരുന്നു. വീട്ടുജോലികളിലും പുസ്തകം പാക്ക് ചെയ്യുന്നതിലുമൊക്കെ സഹായിച്ചാണ് കുട്ടികൾ വീടും സ്ഥലവും വാങ്ങാനുള്ള പണം കണ്ടെത്തിയത്. അടുത്ത 10 വർഷത്തിനുള്ളിൽ ഇവർ വാങ്ങിയ വസ്തുവിൻ്റെ വില ഇരട്ടിയാകുമെന്നാണ് കാം പ്രവചിക്കുന്നത്. 2032ഓടെ ഭൂമി വിറ്റ് പണം പങ്കിടാനാണ് റൂബിയുടെയും സഹോദരങ്ങളുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.