6000 സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ഡോക്ടർക്ക് 7.3 കോടി ഡോളർ പിഴ
text_fieldsന്യൂയോർക്ക്: 35 വർഷത്തിനിടെ ആറായിരത്തോളം സ്ത്രീകളെ ലൈംഗികതിക്രമത്തിന് വിധേയമാക്കിയ കാലിഫോർണിയ സർവകലാശാലയിലെ മുൻ ഗൈനക്കോളജിസ്റ്റിന് പിഴ ശിക്ഷ. 7.3 കോടി ഡോളറാണ് പിഴ. തിങ്കളാഴ്ച കോടതി അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു.
േലാസ് ആഞ്ചൽസ്, കാലിഫോർണിയ സർവകലാശാലയിലെ മുൻ ഗൈനേക്കാളജിസ്റ്റ് ജെയിംസ് ഹീപ്സിനെതിരെ പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. 2019ൽ ഹീപ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഹീപ്സിനെതിരെ പരാതി ലഭിച്ചിട്ടും യു.സി.എൽ.എ നടപടി സ്വീകരിച്ചില്ലെന്നും സ്ത്രീകളുടെ പരാതിയിൽ പറയുന്നു. അതേസമയം 2017ൽ ഹീപ്സിനെതിരെ അന്വേഷണം ആരംഭിച്ചതായി യൂനിവേഴ്സിറ്റി പറയുന്നു. 2018ൽ വിരമിച്ച ഹീപ്സിന്റെ കരാർ പുതുക്കാൻ സർവകലാശാല തയാറായില്ലെന്നും പറയുന്നു.
പതിറ്റാണ്ടുകൾ നീണ്ടു നിന്ന യു.സി.എൽ.എയിലെ ഉദ്യോഗസ്ഥ ജീവിതത്തിനിടെ ജെയിംസ് രോഗികൾ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറുകയായിരുന്നു. 1983 മുതൽ 2010 വരെ യൂനിവേഴ്സിറ്റിയിലെ സ്റ്റുഡന്‍റ് ഹെൽത്ത് സെന്‍ററിൽ ഗൈനക്കോളജിസ്റ്റായി പാർട്ട് ടൈം ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് 2014ൽ യു.സി.എൽ.എ ഹെൽത്തിൽ നിയമനം ലഭിച്ചിരുന്നു. ഇക്കാലയളവിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഹീപ്സിനെതിരെ 100ലധികം രോഗികൾ ആരോപണം ഉന്നയിക്കുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.
64കാരനായ ഹീപ്സ് 21 ക്രിമിനൽ കേസുകളാണ് നിലവിൽ നേരിടുന്നത്. ഇതിൽ അബോധാവസ്ഥയിലായ സ്ത്രീയെ ഉൾപ്പെടെ ഏഴു സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും ഉൾപ്പെടും.
ഹീപ്സിന്റെ ഉപദ്രവത്തിന് ഇരയായവർക്ക് 2500 മുതൽ 2,50,000 ഡോളർ വരെ നഷ്ടപരിഹാരം ലഭിക്കും. 60 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്.
2019ലാണ് ഇയാൾ ആദ്യം അറസ്റ്റിലാകുന്നത്. ലൈംഗികാതിക്രമം വെളിപ്പെടുത്തി 300ഓളം സത്രീകൾ രംഗത്തെത്തിയതിനെ തുടർന്നായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.