അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളിൽ 6.3 തീവ്രതയിൽ ഭൂകമ്പം, മരണം 2000 കവിഞ്ഞു
text_fieldsകാബൂൾ: പശ്ചിമ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ മരണം 2000 കവിഞ്ഞു. 2060 മരണമാണ് സ്ഥിരീകരിച്ചത്. 1240 പേർക്ക് പരിക്കേറ്റു. 1320 വീടുകൾ പൂർണമായി തകർന്നു. രണ്ടു പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്. മാപിനിയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ശനിയാഴ്ചയാണ്. 6.3, 5.9, 5.5 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളുമുണ്ടായി. ഹെറാത് നഗരത്തിലാണ് കൂടുതൽ നാശമുണ്ടായത്.
തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് വാർത്ത വിതരണ മന്ത്രാലയ വക്താവ് അബ്ദുൽ വാഹിദ് റയാൻ അറിയിച്ചു. അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി ഡോക്ടർമാരെയും വിന്യസിച്ചു. സെൻദ ജാൻ ജില്ലയിൽ മൊബൈൽ ഹെൽത്ത് സെന്ററുകൾ തുറന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ അഭയാർഥി ക്യാമ്പുകളും താൽക്കാലിക തമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ അസ്ഥിരതയും ദാരിദ്ര്യവും പിടിമുറുക്കിയ ജനതക്ക് ഇരട്ടി ആഘാതമായി ഭൂചലനം. താലിബാൻ ഭരണകൂടത്തെ നിരവധി രാജ്യങ്ങൾ അംഗീകരിക്കാത്തതിനാൽ അന്താരാഷ്ട്ര സഹായവും പരിമിതമായേ എത്തുന്നുള്ളൂ. തന്റെ ലോകകപ്പ് വരുമാനം മുഴുവനായും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകുമെന്ന് അഫ്ഗാനി അന്താരാഷ്ട്ര ക്രിക്കറ്റ് താരം റാഷിദ് ഖാൻ ‘എക്സി’ൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.