കർഷക സമരം: ആശങ്കയറിയിച്ച് മൈക്ക് പോംപിയോക്ക് യു.എസ് കോൺഗ്രസ് അംഗങ്ങളുടെ കത്ത്
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ കർഷക സമരത്തിൽ അമേരിക്കയിലെ ഇന്ത്യൻ വംശജകർക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടി മൈക്ക് പോംപിയോക്ക് യു.എസ് കോൺഗ്രസ് അംഗങ്ങളുടെ കത്ത്. പ്രമീള ജയപാൽ അടക്കം ഏഴ് അംഗങ്ങളാണ് കത്തയച്ചത്. മോദി സർക്കാറിന്‍റെ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരം 30 ദിവസം പിന്നിട്ടതോടെയാണ് യു.എസ് കോൺഗ്രസ് അംഗങ്ങൾ വിഷയം ഉയർത്തിയിട്ടുള്ളത്.
പഞ്ചാബിൽ കുടുംബാംഗങ്ങളും പൂർവികരും ഉള്ള നിരവധി ഇന്ത്യ- അമേരിക്കക്കാർക്ക് നിലവിലെ സംഭവം നേരിട്ടു ബാധിക്കുന്നതാണെന്ന് മൈക്ക് പോംപിയോക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യണം. രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ദേശീയ നയം രൂപീകരിക്കാനുള്ള ഇന്ത്യൻ സർക്കാറിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. തങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന നിയമത്തിനെതിരെ സമാധാനപരമായ പ്രക്ഷോഭം നടത്തുകയാണ് ഇന്ത്യയിലെ കർഷകരെന്നും ഡിസംബർ 23ന് അയച്ച കത്തിൽ കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, കർഷകരുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള വിദേശ നേതാക്കളും രാഷ്ട്രീയക്കാരും നടത്തിയ പ്രസ്താവനയെ വിവരമില്ലാത്തതും അനാവശ്യവും എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട ചില വിവരമില്ലാത്ത അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം അഭിപ്രായങ്ങൾ അനാവശ്യമാണെന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്.
മോദി സർക്കാറിന്‍റെ കർഷക വിരുദ്ധ നിയമത്തിെനതിരെ നവംബർ 26നാണ് രാജ്യത്തെ കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.