അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ 71 പേരെ കൊന്നു
text_fieldsഗസ്സ സിറ്റി: ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഹമാസിന്‍റെ മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഈ അവകാശവാദം തെറ്റാണെന്നും സാധാരണക്കാർക്കുനേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ഹമാസ് പ്രതികരിച്ചു.
ചിതറിത്തെറിച്ച കുട്ടികളുടെ മൃതദേഹങ്ങൾ താൻ കണ്ടുവെന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പ്രതികരിച്ചു. ഞങ്ങൾ കൂടാരത്തിൽ ഇരിക്കുകയായിരുന്നു, പെട്ടെന്ന് ഒരു റോക്കറ്റ് വന്ന പതിക്കുകയായിരുന്നു -അവർ പറഞ്ഞു.
ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർ അവരുടെ മനസ്സാക്ഷിയും ധാർമ്മികതയും ഉണർത്തണമെന്നും വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും കൂട്ടക്കൊല അപലപിച്ച് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.