തുർക്കിയിൽ 7.8 തീവ്രതയിൽ ഭൂചലനം; 300ലേറെ മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
text_fieldsഇസ്റ്റംബുൾ: തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 300ലേറെ പേർ മരിച്ചു. തുർക്കിയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.
പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗസിയെന്‍റപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. 300ലേറെ പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പം വരുത്തിയ നാശനഷ്ടങ്ങൾ വളരെയേറെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭൂകമ്പത്തെ തുടർന്ന് തുർക്കി നാലാംഘട്ട ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള അടിയന്തര സാഹചര്യത്തിലാണ് നാലാംഘട്ട ജാഗ്രത പുറപ്പെടുവിക്കുന്നത്.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകരെ ഉടനടി നിയോഗിച്ചതായി തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.