ഞങ്ങൾക്ക് പുടിനെ ഭയമില്ല, റഷ്യയെ നേരിടാനൊരുങ്ങി യുക്രെയ്നിൽ ഒരു മുത്തശ്ശി
text_fieldsവാഷിങ്ടൺ: റഷ്യയുമായുള്ള പിരിമുറുക്കം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരിക്കുകയാണ് യുക്രെയിനിൽ നിന്നൊരു മുത്തശ്ശി. വാലന്റീന കോൺസ്റ്റാന്റിനോവ്‌സ്‌ക എന്ന 79 കാരി എ.കെ 47 ഉപയോഗിച്ച് പരിശീലനം നടത്തുന്ന വിഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി.
വാലന്റീന മുത്തശ്ശി യുക്രെയ്‌നിലെ സിവിലിയൻ കോംബാറ്റ് പരിശീലനത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചിരിക്കുന്നത്. ഒരു എ.കെ 47 റൈഫിൾ കൈയിൽ വെച്ച് അതെങ്ങനെ ഉപയോഗിക്കണമെന്നതിനെ പറ്റിയാണ് വിഡിയോയിൽ പറയുന്നത്. കിഴക്കൻ യുക്രെയ്നിലെ മരിയുപോളിലാണ് 79 വയസ്സുള്ള വയോധികക്ക് ആക്രമണ റൈഫിൾ എങ്ങനെ ഉപയോഗിക്കാമെന്ന് സൈനികർ പരിശീലനം നൽകുന്നത്.
''ഞാനെന്‍റെ നഗരത്തെ സ്നേഹിക്കുന്നു. ഞാൻ പിന്മാറില്ല. പുടിന് ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. അവരെത്ര പേടിപ്പിച്ചാലും ഞങ്ങൾ ഞങ്ങളുടെ രാജ്യത്തിനായി നിലക്കൊള്ളും. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ യുദ്ധത്തിനിറങ്ങാൻ തയാറാണ്. ഞാനെന്റെ വീടിനെയും നഗരത്തെയും കുട്ടികളെയും സംരക്ഷിക്കും. കാരണം ഞാൻ അതിന് സജ്ജമാണ്. എനിക്ക് എന്റെ രാജ്യം നഷ്ടപ്പെടാൻ പാടില്ല'' - വാലന്റീന മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനോടകം വാലന്‍റീനയെ വാഴ്ത്തി നിരവധി ആളുകൾ രംഗത്തെത്തി. പൊതുജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ നിരവധി വീഡിയോകളാണ് യുക്രെയ്നിൽ നിന്ന് പുറത്തു വരുന്നത്. റഷ്യയുമായി അതിർത്തി സംഘര്‍ഷം തുടരുന്നതിനാൽ യുക്രെയ്നിൽ അടിസ്ഥാന സൈനിക സാങ്കേതിക വിദ്യകളെല്ലാം സാധാരണക്കാരെയും പഠിപ്പിക്കുന്നുണ്ട്.
തീവ്ര വലതുപക്ഷ പ്രസ്ഥാനമായ അസോവ് യുക്രെയ്നിലെ ജനങ്ങൾക്ക് വൈദ്യ പരിചരണം, അതിജീവനം, ഒഴിപ്പിക്കൽ, ആയുധ സുരക്ഷ, വെടിവെപ്പ് എന്നിവയെ കുറിച്ച് പരിശീലനം നൽകുന്നുണ്ട്. ഏതാണ്ട് എട്ടുവർഷത്തെ സംഘർഷത്തിനിടയിൽ തങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച സുരക്ഷയോ ബോധവൽക്കരണ പരിശീലനമോ ആണിതെന്ന് യുക്രെയ്ൻ നിവാസികൾ പറഞ്ഞു. റാഗ്-ടാഗ് ആർമി കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തുടനീളം നടത്തിയ നിരവധി അഭ്യാസങ്ങളിൽ ഒന്നിലാണ് വാലന്‍റീന മുത്തശ്ശിയും പങ്കെടുത്തത്.
''ഞങ്ങൾ ഒരു ബാബുഷ്ക ബറ്റാലിയനാണ്. 2014ൽ, ഞങ്ങൾ കിടങ്ങുകൾ കുഴിച്ചു, ഫീൽഡ് ബേസുകൾ സ്ഥാപിച്ചു, ഞങ്ങൾ തലയിണകളും പുതപ്പുകളും പ്ലേറ്റുകളും മഗ്ഗുകളും സംഭാവന ചെയ്തു. ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ കൊണ്ടുവന്നു'' -വാലന്‍റീന കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ തയാറെടുക്കുന്നവരിൽ പ്രായമായവരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഉണ്ട്. യുക്രെയ്നിലെ രണ്ട് ലക്ഷം സൈനികരാണ് എട്ടര ലക്ഷം സൈനിക ബലമുള്ള റഷ്യയുമായി പൊരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.