കുറ്റവാളികൾക്ക് എഫ്.ബി.ഐയുടെ 'ആപ്പ്': 16 രാജ്യങ്ങളിൽ പിടിയിലായത് 800ലേറെ പേർ
text_fieldsവാഷിങ്ടൺ: യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) നേതൃത്വത്തിൽ 16 രാജ്യങ്ങളിൽ നടന്ന ആസൂത്രിത റെയ്ഡിൽ അറസ്റ്റിലായത് 800ലേറെ കുറ്റവാളികൾ. 'ഓപ്പറേഷൻ ട്രോജൻ ഷീൽഡ്' എന്ന് പേരിട്ട റെയ്ഡിൽ യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോൾ അടക്കം വിവിധ പൊലീസ് സംഘങ്ങളും അന്വേഷണ ഏജൻസികളും പങ്കാളികളായി.
ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്കുള്ള കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന ദൗത്യത്തിൽ കൊക്കെയ്നും ഹഷീഷുമടക്കം 32 ടൺ ലഹരിവസ്തുക്കൾ, 250 തോക്കുകൾ, 55 ആഡംബര കാറുകൾ, 148 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ള വിവിധ കറൻസികൾ, ക്രിപ്റ്റോ കറൻസി എന്നിവ പിടിച്ചെടുത്തു. മെസേജിങ് ആപ്പിലൂടെ കള്ളക്കടത്തും കൊലപാതകവും നടത്തി വന്നിരുന്ന സംഘങ്ങളാണ് എഫ്.ബി.ഐ വിരിച്ച വലയിൽ കുടുങ്ങിയത്. എഫ്.ബി.ഐ തന്നെ പുറത്തിറക്കിയ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലെ 27 ദശലക്ഷം സന്ദേശങ്ങൾ നിരീക്ഷിച്ചാണ് കുറ്റവാളികളെ പിടികൂടിയതെന്ന് എഫ്.ബി.ഐ-യൂറോപോൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോകവ്യാപകമായി മയക്കുമരുന്ന് കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന കുറ്റവാളികൾ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി തുടങ്ങിയ എൻക്രിപ്റ്റഡ് മെസേജിങ് സേവനങ്ങൾ അന്വേഷണ ഏജൻസികൾ തകർത്തിരുന്നു. ഇതോടെയാണ് മറ്റൊരു എൻക്രിപ്റ്റഡ് മെസേജിങ് സേവനം കുറ്റവാളികൾ തേടുന്ന സാഹചര്യം മുതലെടുക്കാൻ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ അനോം എന്ന എൻക്രിപ്റ്റഡ് മെസേജിങ് സേവനം സൃഷ്ടിക്കുകയായിരുന്നു.
അനോം ആപ്പ് പ്രവർത്തിക്കുന്ന ഏകദേശം 12,000 മൊബൈൽ ഫോണുകളും ഉപകരണങ്ങളും മുന്നൂറോളം ക്രിമിനൽ സംഘങ്ങൾക്കിടയിൽ പ്രചരിപ്പിച്ചാണ് എഫ്.ബി.ഐ വല വിരിച്ചത്. ഇതിനായി വിവിധ രാജ്യങ്ങളിലെ ഇൻഫോർമർമാരുടെ സേവനം ഉപയോഗപ്പെടുത്തി. തുടർന്ന് ഈ ആപ്പ് ഉപയോഗിച്ചുള്ള കുറ്റവാളികളുടെ ഓരോ സന്ദേശങ്ങളും നിരീക്ഷിച്ചു. 18 മാസം കൊണ്ട് 27 ദശലക്ഷം സന്ദേശങ്ങളാണ് ഇങ്ങനെ നിരീക്ഷിച്ചത്. അങ്ങിനെ കോടിക്കണക്കിന് ഡോളറിന്‍റെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും ആസൂത്രിത കൊലപാതകങ്ങളും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ ഏജൻസികൾ ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ 700 ഇടത്ത് റെയ്‌ഡ് നടത്തിയാണ്എണ്ണൂറിലേറെ കുറ്റവാളികളെ പിടികൂടിയത്. ആസ്ത്രേലിയയിൽ മാത്രം 244 പേരാണ് അറസ്റ്റിലായത്. ഫ്രാങ്ക്ഫർട്ടിൽ 70 പേർ കുടുങ്ങി.
യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ യൂനിയൻ പൊലീസ് ഏജൻസി, വിവിധ രാജ്യങ്ങളിലെ എൻഫോഴ്സ്മെന്‍റ് ഏജൻസികൾ എന്നിവർ റെയ്ഡിൽ പങ്കാളികളായെന്ന് എഫ്.ബി.ഐ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റിവ് ഡിവിഷൻ അസിസ്റ്റന്‍റ് ഡയറക്ടർ കാൽവിൻ ഷിവേഴ്സ് പറഞ്ഞു. വിവിധ അന്വേഷണ ഏജൻകളുടെ അർപ്പണ മനോഭാവവും അന്താരാഷ്ട്ര സഹകരണവുമാണ് 'ഓപറേഷൻ ട്രോജൻ ഷീൽഡി'ന്‍റെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒട്ടേറെ കൊലപാതകങ്ങളും കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാൻ നീക്കത്തിലൂടെ സാധിച്ചെന്ന് യൂറോപോൾ ഡപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ ജീൻ ഫിലിപ്പ് ലെക്കോഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.