സുഡാനിൽനിന്ന് 852 ഇന്ത്യക്കാർ കൂടി ജിദ്ദയിലെത്തി
text_fieldsജിദ്ദ: ‘ഓപറേഷൻ കാവേരി’ക്കു കീഴിൽ സുഡാനിൽനിന്ന് 852 ഇന്ത്യക്കാർ കൂടി ജിദ്ദയിലെത്തി. സൗദി സഹായത്തോടെ ഇന്ത്യ ഗവൺമെന്റ് നടത്തുന്ന രക്ഷാദൗത്യത്തിെൻറ നാലാം ദിനമായ വെള്ളിയാഴ്ചയും തലേരാത്രിയിലുമായി നാല് വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് ഇത്രയും പേരെ എത്തിച്ചത്.
പോർട്ട് സുഡാനിൽ നിന്ന് അവസാനം എത്തിയത് 135 പേരടങ്ങിയ 11 ാമത് ബാച്ചാണ്. വെള്ളിയാഴ്ച രാത്രിയോടെ ഐ.എ.എഫ്.സി 130 ജെ വിമാനത്തിലാണ് ഇവർ വന്നത്. ഇതോടെ ഇതുവരെ ജിദ്ദയിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,952 ആയി. ഏഴു വിമാനങ്ങളിലും നാല് കപ്പലുകളിലുമായി 11 സംഘങ്ങളായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഇതിൽ 1,360 പേർ ഇതിനകം ഇന്ത്യയിലെത്തി.
ചൊവ്വാഴ്ചയാണ് (ഏപ്രിൽ 25) രക്ഷാദൗത്യത്തിന് തുടക്കംകുറിച്ചത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.ഇന്ത്യൻ വ്യോമസേന വിമാനങ്ങളും കപ്പലുകളുമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്.വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച പകലുമായാണ് മൂന്നു വ്യോമസേന വിമാനങ്ങളും നാവികസേനയുടെ ഒരു കപ്പലും പോർട്ട് സുഡാനിൽനിന്ന് ആളുകളുമായി ജിദ്ദയിലെ കിങ് അബ്ദുല്ല നേവൽ ബേസിലെത്തിയത്.
135 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ഏഴാമത്തെ സംഘം വ്യാഴാഴ്ച വൈകീട്ട് ഐ.എ.എഫ്.സി 130 ജെ വിമാനത്തിലാണ് വന്നത്. എട്ടാം ബാച്ചിലെ 121 പേരുമായി വ്യോമസേനയുടെ മറ്റൊരു വിമാനവും വ്യാഴാഴ്ച രാത്രിയോടെ ജിദ്ദയിലെത്തി. സുഡാനിലെ വാദി സയ്യിദിനാ എയർ ബേസിൽനിന്നാണ് ഈ വിമാനം പുറപ്പെട്ടത്. ഒമ്പതാം ബാച്ചിലെ 135 ആളുകളുമായി മൂന്നാമത്തെ വിമാനവും തുടർന്നെത്തി. ഏറ്റവുമൊടുവിൽ നാലാമത്തെ വിമാനത്തിൽ 135 പേർ വെള്ളിയാഴ്ച രാത്രിയിലുമെത്തി.
292 പേരുമായി 10ാം ബാച്ച് സുഡാനിൽ നിന്നെത്തിയത് ഐ.എൻ.എസ് ടർക്കിഷ് എന്ന കപ്പലിലാണ്. കപ്പലിൽ വന്നവരെ സ്വീകരിക്കാൻ മന്ത്രി വി. മുരളീധരൻ എത്തിയിരുന്നു.ജിദ്ദയിലെത്തി ഇന്ത്യൻ സ്കൂളിലെ താൽക്കാലിക ക്യാമ്പിൽ വിശ്രമിക്കുന്നവരെ ഘട്ടങ്ങളായി ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. ഇതുവരെ 1,360 പേരെയാണ് ഇന്ത്യയിലേക്ക് അയച്ചത്. 752 പേരെ ഡൽഹിയിലും 246 പേരെ മുംബൈയിലും 362 പേരെ ബംഗളൂരുവിലും വിമാനങ്ങളിൽ എത്തിച്ചു.
സുഡാനിൽനിന്ന് നാട്ടിലെത്താൻ ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്തത് ആകെ 3400 ഇന്ത്യക്കാരാണ്. ഇതിലാണ് 1,952 പേരെ രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവരെയും സുരക്ഷിതമായി ജിദ്ദയിലെത്തിച്ച ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യൻ വിദേശ കാര്യാലയത്തിനും സുഡാനിലെയും സൗദിയിലെയും എംബസികൾക്കും കീഴിൽ ഊർജിതമായി പുരോഗമിക്കുകയാണ്.
ക്യാമ്പിലുള്ളവരുമായി മന്ത്രി ആശയവിനിമയം നടത്തി
ജിദ്ദ: സുഡാനിൽ നിന്നെത്തി ജിദ്ദ ഇന്ത്യൻ സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരെ കണ്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആശയവിനിമയം നടത്തി. സുഡാനിലെ സ്ഥിതിഗതികൾ അവർ മന്ത്രിയുമായി പങ്കുവെച്ചു.
ഞങ്ങൾക്ക് വീട്ടിലെത്തിയതുപോലെ തോന്നുന്നതായി അവരിൽനിന്ന് കേട്ടതിൽ സന്തോഷിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.വളന്റിയർമാരുടെയും ഉദ്യോഗസ്ഥരുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും റിയാദ് എംബസിയുടെയും ഇടപെടലിനും കഠിനാധ്വാനത്തിനും അവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.