ഗസ്സ കാണാനുള്ള ഹമാസ് ക്ഷണത്തിന് ഇലോൺ മസ്കിന്റെ മറുപടി: ‘അവിടെ ഇപ്പോഴും അപകടാവസ്ഥ...’
text_fieldsസാൻ ഫ്രാൻസിസ്കോ: ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ കാണാനുള്ള ഹമാസിന്റെ ക്ഷണത്തിന് മറുപടിയുമായി എക്സ് (ട്വിറ്റർ) ഉടമയും ടെസ്‍ല സി.ഇ.ഒയുമായ ഇലോൺ മസ്ക്. അവിടെ ഇപ്പോഴും അപകടകരമാണെന്നാണ് മനസ്സിലാക്കുന്നത് എന്നായിരുന്നു മസ്കിന്റെ മറുപടി. എന്നെന്നും അഭിവൃദ്ധിയുള്ള ഗസ്സയാണ് എല്ലാവർക്കും ഗുണകരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിന്റെ ക്ഷണം സംബന്ധിച്ച് വാൾട്ടർ ബ്ലൂംബർഗ് എക്സിൽ (പഴയ ട്വിറ്റർ) എഴുതിയ കുറിപ്പിന് കമന്റായാണ് ടെക് ഭീമന്റെ മറുപടി. കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്ക് അവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ പ്രദേശങ്ങളിലെ തീവ്രവാദം ഇല്ലാതാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ കാണാൻ മസ്കിനെ ഹമാസ് പ്രതിനിധി ക്ഷണിച്ചത്.
‘ഗസ്സ സന്ദർശിക്കാൻ മസ്കിനെ ക്ഷണിക്കുകയാണ്. ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾ മസ്ക് കാണണം’ -ഹമാസ് പ്രതിനിധി ഒസാമ ഹംദാൻ ബെയ്റൂത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മസ്ക് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരെയടക്കം കണ്ടിരുന്നു. ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇത് തീവ്രവാദമുക്തമാക്കിയ ശേഷമാകണമെന്നും അഭിപ്രായപ്പെടുകയും ചെയ്തു.
ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തു എന്ന് ആരോപണമുയർത്തി മസ്കിനെതിരെ വ്യാപക വിമർശനം ഇസ്രായേൽ ഭാഗത്തു നിന്ന് നേരത്തെയുണ്ടായിരുന്നു. ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കാനും തീരുമാനിച്ചിരുന്നു. എക്സിൽ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമർശത്തിന് മസ്ക് പിന്തുണ നൽകി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ഈ പശ്ചാത്തലത്തിലായിരുന്നു മസ്കിന്‍റെ ഇസ്രായേൽ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.