മരണവാർത്ത മറച്ചുവെച്ചു, മുത്തശ്ശിക്കു മുന്നിൽ ആൾമാറാട്ടം നടത്തിയത് മൂന്നു വർഷം
text_fieldsഇരട്ടകളായ പേരക്കുട്ടികളിൽ ഒരാൾ മരിച്ച ദുഃഖം താങ്ങാതെ മുത്തശ്ശന്റെയും മുത്തശിയുടെയും ഹൃദയം തകരുന്നത് കാണാതിരിക്കാൻ ഇരട്ടകളിൽ രണ്ടാമത്തെയാൾ ചെയ്തത് എന്താണ് എന്നറിയാമോ..?
തന്റെ സഹോദരി മരിച്ചുവെന്ന വിവരം അവരിൽ നിന്നും മറച്ചുവെച്ചു. അതും മൂന്നു വർഷം.
എന്നിട്ടോ...? മരിച്ചയാൾ താനാണെന്ന മട്ടിൽ പെരുമാറുകയും ചെയ്തു. ഒരർത്ഥത്തിൽ ആൾമാറാട്ടം. എന്നാലെന്താ, മുത്തശ്ശനും മുത്തശ്ശിയും അത്രയുംകാലം സന്തോഷമായി ജീവിച്ചുവല്ലോ എന്നാണ് ചൈനക്കാരി ആനി നിയുവിന്റെ സമാധാനം.
കനഡയിൽ സ്ഥിരതാമസമാക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ 34കാരി ആനി നിയു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഒരു കുറ്റസമ്മതം കണക്കെ ഈ രഹസ്യം വെളിപ്പെടുത്തിയത്. നിയുവും സഹോദരിയും ഇരട്ടകളും കാഴ്ചയിലും ശബ്ദത്തിലും സാമ്യം ഉള്ളവരുമായിരുന്നു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാത്തത്രയും സാമ്യം. 2019 ലായിരുന്നു നിയുവിന്റെ സഹോദരി വൈറൽ മെനഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. 90 വയസ്സ് പിന്നിട്ട മുത്തശ്ശനും മുത്തശ്ശിക്കും ആ വിയോഗം താങ്ങാൻ കഴിയില്ലെന്നും ഹൃദയാഘാതം പോലും സംഭവിച്ചേക്കാമെന്നും ഭയന്ന കുടുംബം മരണ വാർത്ത രഹസ്യമാക്കി വെച്ചു.
പിന്നീട് നിയുവായിരുന്നു സഹോദരിയായും നിയുവായും അവർക്ക് മുന്നിൽ എത്തിയത്. കാഴ്ചയിലെയും ശബ്ദത്തിലെയും അപാരമായ സാമ്യം തന്നെ അതിനു സഹായിച്ചുവെന്ന് നിയു തുറന്നുപറയുന്നു.
ഒടുവിൽ മുത്തശ്ശി മരണക്കിടക്കയിൽ കിടക്കുന്ന സമയത്താണ് നിയുവിന്റെ പിതാവ് ആ വിവരം അവരെ അറിയിച്ചത്. ‘സമാധാനമായി പോകൂ, നിങ്ങളുടെ പേരക്കുട്ടി നിങ്ങളെ കാത്ത് സ്വർഗ കവാടത്തിൽ നിൽപ്പുണ്ട്’ എന്നായിരുന്നു നിയുവിന്റെ പിതാവ് മുത്തശ്ശിയോട് പറഞ്ഞതെന്ന് നിയു ടിക് ടോക് വിഡിയോയിൽ പറയുന്നു. മുത്തശ്ശിയുടെ മരണശേഷം സഹോദരിയുടെ എല്ലാ ഫോട്ടോകളും നീക്കം ചെയ്തതായും നിയു പറഞ്ഞു.
‘അവർക്ക് 92 വയസ്സായിരുന്നു. അവൾ മരിച്ച വിവരം താങ്ങാൻ അവർക്കാകുമായിരുന്നില്ല. ചിലപ്പോൾ അത് അവരുടെ മരണത്തിൽ കലാശിക്കുമായിരുന്നു. അതുകൊണ്ടാണ് ഞങ്ങളത് മറച്ചുവെച്ചത്’ കുറ്റസമ്മത വിഡിയോയിൽ നിയു പറഞ്ഞതായി ദി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. നിയുവും അവളുടെ ഇരട്ട സഹോദരിയും 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾക്കൊപ്പം കനഡയിൽ കുടിയേറിയതാണ്.
ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗ്വിഷൗവിൽ നിന്നുള്ള 38 കാരിയായ ഒരു സ്ത്രീ, അൽഷിമേഴ്‌സ് രോഗബാധിതയായ മുത്തശ്ശിയെ കാണാൻ ആറുമാസം മുമ്പ് അസുഖം ബാധിച്ച് മരിച്ച അവളുടെ അമ്മയുടെ വേഷം ധരിച്ചു ചെന്ന സംഭവം അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.