ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ വനിതാ ബന്ദി കൊല്ലപ്പെട്ടു
text_fieldsജറൂസലം: വടക്കൻ ഗസ്സയിൽ ഇസ്രായേലിന്‍റെ ആക്രമണത്തിൽ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു.
അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു. തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രായേലിന്‍റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോർത്തൽ സംഭവത്തിൽ അറസ്റ്റിലായ തന്‍റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ, നെതന്യാഹുവിന്‍റെ വാദങ്ങൾ പരിഹാസ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് യായിർ ലാപിഡിന്റെ പ്രതികരണം.
ബൈറൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേൽ സുരക്ഷാ സമിതി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. അമേരിക്ക സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തെ ഇസ്രായേൽ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ട്. എന്നാൽ, നെതന്യാഹു കടുംപിടിത്തം തുടരുകയാണ്. ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ ആസത്രിതമായി ലക്ഷ്യമിടുന്നതായി ലബനാൻ സർക്കാർ ആരോപിച്ചു.
ഗസ്സയിൽ രണ്ടു ദിവസത്തിനിടെ 128 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിെൻറ ആസൂത്രിത വംശഹത്യ 414 ദിവസം പിന്നിടുേമ്പാൾ 44,176 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,04,473 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗസ്സയിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പട്ടിണി മരണം വ്യാപകമാകുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. യുദ്ധക്കുറ്റം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറൻറ് മറികടക്കാൻ യു.എസുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.