ഒരു ലിറ്റർ പെട്രോളിന് വില രണ്ട് രൂപയിലും താഴെ! അങ്ങനെയും ഒരു രാജ്യമുണ്ട്
text_fieldsരാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോൾ വില സെഞ്ച്വറി പിന്നിട്ട് കുതിക്കുകയാണ്. ജനജീവിതം ദുരിതപൂർണമാക്കി തുടർച്ചയായ 13ാം ദിവസമാണ് രാജ്യത്ത് വില കൂട്ടിയത്. കേരളത്തിൽ പെട്രോളിന് 92.46 രൂപയും ഡീസലിന് 87.87 രൂപയുമാണ് പുതിയ വില. എന്നാൽ, വെറും രണ്ടു രൂപയിൽ താഴെ കൊടുത്താൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്ന രാജ്യമുണ്ട്. സ്വപ്നരാജ്യമാണോയെന്ന് ചോദിച്ച് കളിയാക്കാൻ വരട്ടെ, ലോകത്തിൽ ഏറ്റവും വിലക്കുറവിൽ പെട്രോൾ ലഭിക്കുന്ന രാജ്യമാണിത്.
തെക്കേ അമേരിക്കൻ രാഷ്ട്രമായ വെനെസ്വേലയിലാണ് ലോകത്ത് ഇന്ധന വില ഏറ്റവും കുറവ്. പെട്രോൾ ലിറ്ററിന് വെറും 1.45 രൂപയാണ് (0.02 യു.എസ് ഡോളർ) വെനസ്വേലയിലെ വില. പ്രമുഖ ക്രൂഡോയിൽ ഉൽപ്പാദക രാജ്യമായ വെനസ്വേലയിൽ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്നാണ് പെട്രോൾ.
ഇത്ര കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന വെനസ്വേല ഒരു സമ്പന്ന രാജ്യമായിരിക്കുമെന്ന് കരുതേണ്ട. ഒരുകാലത്ത് സമ്പന്ന രാജ്യമായിരുന്ന വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ്. നാണയപ്പെരുപ്പം കുതിച്ചുയർന്ന സാഹചര്യത്തിൽ മറ്റ് അവശ്യസാധനങ്ങൾക്കെല്ലാം വൻ വിലയാണ് ഇവിടെ. അനിയന്ത്രിത പണപ്പെരുപ്പവും പട്ടിണിയും ഒക്കെച്ചേർന്ന് വെനസ്വേലയിലെ ജനജീവിതത്തെ തകിടംമറിച്ചിരിക്കുകയാണ്.
താഴ്ന്ന പെട്രോൾ വിലയിൽ രണ്ടാമതുള്ളത് ഏഷ്യൻ രാജ്യമായ ഇറാനാണ്. നാല് രൂപ 50 പൈസ കൊടുത്താൽ ഇറാനിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കും. അംഗോള, അൾജീരിയ, കുവൈത്ത്, സുഡാൻ, കസഖ്സ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്നവയുടെ പട്ടികയിൽ പിന്നീടുള്ളത്.
ഏറ്റവും കൂടിയ വിലക്ക് പെട്രോൾ ലഭിക്കുന്ന രാജ്യം ഹോങ്കോങ് ആണ്. 174 ഇന്ത്യൻ രൂപക്കാണ് ഹോങ്കോങിൽ പെട്രോൾ ലഭിക്കുക. സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക് (148 രൂപ), നെതർലൻഡ്സ് (147.38 രൂപ) എന്നിവയാണ് പിന്നാലെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.