ഉറക്കമുണർന്നപ്പോൾ കഴുത്തിനരികെ വവ്വാൽ; 80കാരൻ പേവിഷബാധയേറ്റ് മരിച്ചു
text_fieldsവാഷിങ്ടൺ ഡി.സി: യു.എസ് സംസ്ഥാനമായ ഇല്ലിനോയിസിൽ 80കാരൻ പേവിഷബാധയേറ്റ് മരിച്ചു. 70 വർഷത്തിനിടെ ഇല്ലിനോയിസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്. ഇദ്ദേഹത്തിന്‍റെ കിടപ്പുമുറിയിൽ കണ്ടെത്തിയ വവ്വാലിൽ നിന്ന് വൈറസ് പകർന്നതായാണ് കണ്ടെത്തിയത്.
ലേക് കൗണ്ടിയിലെ വീട്ടിലാണ് 80കാരൻ താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് രാവിലെ ഉറക്കമുണർന്നപ്പോൾ കിടക്കയിൽ കഴുത്തിന് സമീപത്തായി വവ്വാലിനെ കണ്ടിരുന്നു. പിന്നീട് വവ്വാലിന്‍റെ സാംപിൾ പരിശോധിച്ചപ്പോൾ പേവിഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, തുടർ ചികിത്സക്ക് 80കാരൻ തയാറായില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഒരു മാസത്തിന് ശേഷമാണ് ഇദ്ദേഹത്തിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഴുത്ത് വേദന, തലവേദന, വിരൽ മരവിപ്പ്, കൈകളുടെ നിയന്ത്രണമില്ലായ്മ, സംസാരിക്കാൻ പ്രയാസം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. പിന്നാലെ ഇദ്ദേഹം മരിക്കുകയായിരുന്നു. മരണം പേവിഷബാധയേറ്റാണെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ വീട്ടിനടുത്ത് വവ്വാലുകളുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
മരണനിരക്ക് ഏറ്റവുമുയർന്ന രോഗങ്ങളിലൊന്നാണ് റാബീസ് വൈറസ് ബാധയെന്ന് ഇല്ലിനോയിസ് ആരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ഗോസി എസീക് പറഞ്ഞു. എന്നാൽ, പേവിഷബാധയേറ്റ ഉടനെ ചികിത്സ തേടിയാൽ ജീവൻ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസിൽ ഒരു വർഷം ഒന്നു മുതൽ മൂന്ന് പേർക്ക് വരെ മാത്രമാണ് റാബീസ് വൈറസ് സ്ഥിരീകരിക്കുന്നത്. അതേസമയം, 60,000ത്തോളം പേർ ആന്‍റി റാബീസ് വാക്സിൻ സ്വീകരിച്ച് ജീവൻ രക്ഷ തേടുന്നുണ്ട്.
വവ്വാലുകളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപഴകലിന് വിധേയമാകുന്നവർ അതിനെ സുരക്ഷിതമായി പിടികൂടി പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പേവിഷബാധക്കെതിരെ ജാഗ്രത വേണം
കൃത്യമായതും പെട്ടെന്നുമുള്ള ചികിത്സ തേടുകയാണ് പേവിഷബാധയിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള മാർഗം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ അവയുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് കഴുകി വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയും വിദഗ്ധ ചികിത്സ തേടുകയും വേണം.
രോഗലക്ഷണം പ്രകടമാകാൻ ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ എടുക്കും. അതുകൊണ്ടുതന്നെ കടിയേറ്റ ഉടനെ കുത്തിവെപ്പ് എടുക്കാന്‍ ശ്രദ്ധിക്കണം. നായ്, പൂച്ച എന്നിവയിലാണ് പേവിഷബാധ കൂടുതലായി കണ്ടുവരുന്നതെങ്കിലും പന്നി, കുരങ്ങ്, അണ്ണാന്‍, കീരി, കുതിര, കഴുത, കുറുക്കന്‍, ചെന്നായ് തുടങ്ങിയ മൃഗങ്ങളിലൂടെയും മറ്റു വന്യമൃഗങ്ങളിലൂടെയും രോഗബാധയുണ്ടാകാം.
പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളില്‍നിന്നും കടിയേല്‍ക്കുകയോ ഇവയുടെ നഖങ്ങള്‍കൊണ്ട് പോറലേല്‍ക്കുകയോ സമ്പര്‍ക്കത്തില്‍ വരുകയോ ചെയ്താല്‍ നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുളള കുത്തിവെപ്പ് (ഇന്‍ട്രാ ഡെര്‍മല്‍ റാബീസ് വാക്‌സിന്‍) എടുക്കേണ്ടതാണ്. കുത്തിവെപ്പ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ല ആശുപത്രി, ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. കടിയേറ്റ മുറിവില്‍നിന്നും രക്തം പൊടിയുന്നുണ്ടെങ്കില്‍ ആദ്യ ഡോസ് വാക്‌സിനോടൊപ്പം ആൻറി റാബീസ് സിറമായ ഇമ്യൂണോ ഗ്ലോബുലിന്‍ കൂടി നല്‍കും. ഇത് മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ലഭ്യമാണ്.
രോഗബാധ പ്രതിരോധിക്കാന്‍ കുട്ടികളെ ബോധവത്കരിക്കുകയും മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലാണ് റാബിസ് വൈറസുകള്‍ കാണപ്പെടുന്നത്. മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുമ്പോള്‍ അവ മനുഷ്യശരീരത്തിലേക്ക് പകരുകയും തലച്ചോറ്, സുഷുമ്‌ന നാഡി എന്നിവയെ ബാധിക്കുകയും ചെയ്യും. എന്നാല്‍, ചിലപ്പോള്‍ മാസങ്ങളോളം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കണമെന്നില്ല. ശരീരത്തില്‍ പ്രവേശിക്കുന്ന റാബിസ് വൈറസ് കേന്ദ്രനാഡീവ്യൂഹത്തിലെത്താനെടുക്കുന്ന സമയദൈര്‍ഘ്യമാണ് രോഗലക്ഷണം പ്രകടിപ്പിക്കാന്‍ വൈകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.