കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ രാജ്യത്ത് പുതിയ സർക്കാറിന് രൂപമായി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിമാരുടെ പട്ടികക്ക് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച അംഗീകാരം നൽകി.ഇതോടെ ദീർഘനാളായി നിലനിന്ന ചർച്ചകൾക്കും സമാപനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉടൻ ചേരുന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽ 15 മന്ത്രിമാരാണ് ഉള്ളത്.
1. തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി), 2. ബറാക് അൽ ഷൈതാൻ (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി), 3. ഡോ. ബദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണമന്ത്രി), 4. അമാനി സുലൈമാൻ ബുഖമാസ് (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജമന്ത്രി), 5. അബ്ദുറഹ്മാൻ ബേദ അൽ മുതൈരി (ഇൻഫർമേഷൻ, യുവജനകാര്യ സഹമന്ത്രി), 6. അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ് (ധനകാര്യം, സാമ്പത്തികം, നിക്ഷേപകാര്യ സഹമന്ത്രി),
7. ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യം), 8. സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് (വിദേശകാര്യം), 9. അമ്മാർ അൽ അജ്മി (ദേശീയ അസംബ്ലികാര്യ സഹമന്ത്രി, ഭവന-നഗര വികസനം), 10. അബ്ദുല്ല അലി അബ്ദുല്ല അൽ സലീം അസ്സബാഹ് (പ്രതിരോധം), 11. അബ്ദുൽ അസീസ് വലീദ് അൽ മുജിൽ (മുനിസിപ്പൽകാര്യ സഹമന്ത്രി), 12. മാസിൻ സാദ് അൽ നാദിഹ് (വാണിജ്യം, വ്യവസായം, ഇൻഫർമേഷൻ ടെക്നോളജി), 13. ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസം, സയന്റിഫിക് റിസർച്ച്), 14. അബ്ദുൽ അസീസ് മാജിദ് അൽ മാജിദ് (നീതി, ഇസ്‍ലാമിക കാര്യം), 15. മായി ജാസിം അൽ ബാഗിൽ (സാമൂഹികകാര്യം, വനിത-ശിശുകാര്യ സഹമന്ത്രി).
ദേശീയ അസംബ്ലി ആദ്യ സമ്മേളനം നാളെ
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി ആദ്യ സമ്മേളനം ചൊവ്വാഴ്ച ചേരും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും ഉടൻ ഉണ്ടാകും. സെപ്റ്റംബർ 30ന് പൊതുതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം. തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് രാജി സമർപ്പിക്കുകയും വൈകാതെ അദ്ദേഹത്തെ പ്രധാനമന്ത്രിയായി അമീർ പുനർ നിയമിക്കുകയും ഉണ്ടായി.
തുടർന്ന് മന്ത്രിമാരുടെ പട്ടികയും പുറത്തിറക്കി. എന്നാൽ, മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ എം.പിമാർ രംഗത്തെത്തി. ഭരണഘടനയെ മാനിക്കാത്ത ചിലർ മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പ്രതിപക്ഷ എം.പിമാരുടെ ആരോപണം. ഇത് ഉയർത്തിക്കാട്ടി എം.പി അമ്മാർ മുഹമ്മദ് അൽ അജ്മി മന്ത്രിസഭയിൽനിന്ന് പിൻമാറി. ഇത് പ്രതിസന്ധി സൃഷ്ടിക്കുകയും തുടർന്ന് ഈ മാസം 11ന് നിശ്ചയിച്ചിരുന്ന അസംബ്ലി സമ്മേളനം 18 മാറ്റുകയും ചെയ്തു.
ഇതിനിടെ തീയതി മാറ്റം ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാരും രംഗത്തുവന്നു. കുവൈത്ത് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ചക്കകം ദേശീയ അസംബ്ലി ആദ്യ സമ്മേളനം ചേരണം. ഇത് സർക്കാർ കണക്കിലെടുത്തില്ല എന്നായിരുന്നു ആരോപണം.
അതിനിടെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്തും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ പരാതികളുമെത്തി. ഈ വിഷയങ്ങളെല്ലാം ആദ്യ സമ്മേളനത്തിൽ ചർച്ചയായേക്കും. ചൊവ്വാഴ്ചയിലെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് ക്ഷണങ്ങൾ അയക്കൽ പൂർത്തിയായിട്ടുണ്ട്. ആദ്യ സമ്മേളനത്തിൽ നയതന്ത്രജ്ഞർ, മുതിർന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.