കുവൈത്തിൽ ഇനി പുതിയ സർക്കാർ
text_fieldsപുതിയ മന്ത്രിസഭ അംഗങ്ങൾക്കൊപ്പം കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും അവസാനംകുറിച്ച് രാജ്യത്ത് പുതിയ സർക്കാർ നിലവിൽവന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രൂപവത്കരിച്ച പുതിയ മന്ത്രിസഭ അംഗങ്ങൾ തിങ്കളാഴ്ച ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽഅഹ്മദ് അസ്സബാഹ്
ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തോടെ ഭരണനിർവഹണത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമാകും. രാവിലെ 10ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്യും.
11 പുതുമുഖങ്ങൾ, രണ്ട് വനിതകൾ, രണ്ട് എം.പിമാർ
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽഅഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ 11 പുതുമുഖങ്ങൾ. ഇതിൽ രണ്ടുപേർ വനിതകളാണ്. ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എം.പിമാരും മന്ത്രിസഭയിലുണ്ട്. 15 അംഗ മന്ത്രിസഭയിൽ മുൻ സർക്കാറിലെ മൂന്നുപേരെ നിലനിർത്തി. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ്, ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽമുതൈരി, ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ് എന്നിവരാണ് നിലനിന്ന മൂന്ന് മന്ത്രിമാർ.
1-തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരം), 2- ബരാക് അൽ അൽ ഷൈതാൻ (ഉപ പ്രധാനമന്ത്രി, കാബിനറ്റ് കാര്യം),3-ഡോ. ബാദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണ) , 4-ഡോ. അമാനി സുലൈമാൻ ബുഖാമസ് (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജം),5-അബ്ദുൽ റഹ്മാൻ ബേദാ അൽമുതൈരി (ഇൻഫർമേഷൻ, യുവജനകാര്യം), 6-അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ് (ധനകാര്യം, സാമ്പത്തിക, നിക്ഷേപകാര്യം), 7-ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യം)
പുതിയ സർക്കാറിൽ എണ്ണ, വാണിജ്യം, വ്യവസായം, വിദേശകാര്യം, പ്രതിരോധം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകൾക്ക് പുതിയ മന്ത്രിമാരുണ്ട്.ഡോ. അമാനി സുലൈമാൻ ബുഖാമസ് (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജമന്ത്രി), മായി ജാസിം അൽബാഗിൽ (സാമൂഹികകാര്യം, വനിത-ശിശുകാര്യം) എന്നിവരാണ് പുതിയ വനിത മന്ത്രിമാർ. എം.പിമാരുടെ എതിർപ്പിനെത്തുടർന്നാണ് മുൻ വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസർ അസ്സബാഹ്, മുൻ ഓയിൽ മന്ത്രി മുഹമ്മദ് അൽഫാറസ്, മുനിസിപ്പാലിറ്റി, കമ്യൂണിക്കേഷൻസ് സഹമന്ത്രി റാണ അൽ ഫാറസ് എന്നിവർക്ക് സ്ഥാനം നഷ്ടപ്പെട്ടതെന്നാണ് സൂചന.
1- സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് (വിദേശകാര്യം), 2-അമ്മാൻ അൽ അജ്മി (ദേശീയ അസംബ്ലികാര്യ സഹമന്ത്രി, ഭവന -നഗര വികസനം), 3- അബ്ദുല്ല അലി അബ്ദുല്ല അൽ സലീം അസ്സബാഹ് (പ്രതിരോധം), 4-അബ്ദുൽ അസീസ് വലീദ് അൽ മുജിൽ (മുനിസിപ്പൽകാര്യ സഹമന്ത്രി), 5- മാസിൻ സാദ് അൽ നാദിഹ് (വാണിജ്യം, വ്യവസായം, കമ്യൂണിക്കേഷൻ), 6-ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസം, സയന്റിഫിക് റിസർച്), 7- അബ്ദുൽ അസീസ് മാജിദ് അൽമാജിദ് (നീതി, ഇസ്ലാമിക കാര്യം), 8- മായി ജാസിം അൽ ബാഗിൽ (സാമൂഹികകാര്യം, സാമൂഹിക വികസനം, വനിത-ശിശുകാര്യം)
സമ്പദ്‌വ്യവസ്ഥയെ അഭിസംബോധന ചെയ്യുക, അഴിമതി നേരിടുക -കിരീടാവകാശി
കുവൈത്ത് സിറ്റി: സമ്പദ്‌വ്യവസ്ഥയെ അഭിസംബോധന ചെയ്യാനും അഴിമതി നേരിടാനും പുതിയ മന്ത്രിസഭയെ ഉണർത്തി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുക, ഭവനയൂനിറ്റുകൾ നൽകുക, അഴിമതിയെ നേരിടാനും അഴിമതിക്കാരെ അടിച്ചമർത്താനും ശ്രമിക്കുക തുടങ്ങിയ വിഷയങ്ങളും കിരീടാവകാശി അംഗങ്ങളുടെ ശ്രദ്ധയിൽപെടുത്തി.
സത്യപ്രതിജ്ഞക്കുശേഷം മന്ത്രിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു കിരീടാവകാശി. പല പ്രധാന പ്രശ്നങ്ങളും നിരവധി ഫയലുകളും മന്ത്രിസഭയുടെ മുമ്പിലുണ്ടാകും. ന്യായമായും തുല്യമായും നിയമം പ്രയോഗിക്കണമെന്നും സമഗ്രതയും സുതാര്യതയും വർധിപ്പിക്കുക എന്നീ കാര്യങ്ങളും ഉണർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.