ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി കുട്ടി കൊല്ലപ്പെടുന്നു
text_fieldsജറൂസലം: ഗസ്സയെ കുരുതിക്കളമാക്കി ഇസ്രായേൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി കുട്ടി കൊല്ലപ്പെടുന്നതായി റിപ്പോർട്ടുകൾ. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ1,000 കവിഞ്ഞു. പരിക്കേറ്റവർ ഇതിലേറെയും. അവശേഷിക്കുന്നവരാകട്ടെ കടുത്ത ശാരീരിക, മാനസിക പീഡകളുമായി കഴിയുന്നവരുമാണ്.
‘‘ഇരകളെമാത്രം ബാധിക്കുന്നതല്ല ഈ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ. ഇരകളിൽ ചിലർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. ഉഗ്രശേഷിയുള്ള ബോംബുകൾ സ്വന്തം വീടുകളും പരിസരങ്ങളും വിഴുങ്ങിയതിന്റെ ആഘാതം എണ്ണമറ്റ കുരുന്നുകളെ കടുത്ത മാനസിക സംഘർഷത്തിനടിമകളാക്കും’’- ഡിഫെൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ ഫലസ്തീനിലെ മുഹമ്മദ് അബൂറുക്ബ പറയുന്നു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ ഗസ്സയിലെ ആശുപത്രികൾ നൽകുന്നവ മാത്രമാണ്. അത്രതന്നെയാളുകൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരായുണ്ടാകാമെന്ന് ഫലസ്തീൻ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 10 ലക്ഷത്തിലേറെ ഫലസ്തീനികൾ ഇതിനകം നിർബന്ധിതമായി കുടിയിറങ്ങേണ്ടിവന്നവരാണ്. ഇതിൽ ആറു ലക്ഷത്തിലേറെ പേർ ദക്ഷിണ, മധ്യ ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നു.
നൂറുകണക്കിന് കുരുന്നുകൾ ഫലസ്തീനിൽ കൊല്ലപ്പെട്ടതായി ദിവസങ്ങൾക്കുമുമ്പ് യൂനിസെഫും റിപ്പോർട്ട് ചെയ്തിരുന്നു. ഭീതിദമാംവിധം പൊള്ളലേറ്റും അവയവങ്ങൾ നഷ്ടപ്പെട്ടും ആശുപത്രികളിൽ കഴിയുന്ന കുട്ടികളുടെ കണക്കുകളും ഞെട്ടിക്കുന്നതാണെന്ന് യു.എൻ സംഘടന റിപ്പോർട്ട് പറയുന്നു.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴും വൻതോതിൽ ഉയരുകയാണ്. ഗസ്സയിലെ മനുഷ്യാവകാശ പ്രതിസന്ധി അപകടകരമായ അതിർത്തികൾ കടന്നിട്ടും ഓരോ നാളിലും പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും യൂനിസെഫ് പറയുന്നു.
ഗസ്സയിലെ ഏക വൈദ്യുതിനിലയം ഒരാഴ്ചയായി ഇന്ധനം ലഭിക്കാതെ പ്രവർത്തനം നിർത്തിവെച്ച നിലയിലാണ്. കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. 10 ലക്ഷം പേർക്ക് ഈ ഘട്ടത്തിലും ആശ്രയമാകേണ്ട കിണറുകൾ ഇസ്രായേൽ ബോംബിട്ടു തകർക്കുകയും ചെയ്തു. കിണറുകൾക്ക് പുറമെ, ജലം പമ്പു ചെയ്യുന്ന മൂന്ന് സ്റ്റേഷനുകൾ, ഒരു ജലസംഭരണി എന്നിവയും തകർക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.