പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി ആര്, നവാസ് ശരീഫിന്റെ സഹോദരൻ ഷഹബാസിലേക്ക് കണ്ണുകൾ
text_fieldsഇസ്‍ലാമാബാദ്: കുറച്ചുനാളുകളായി പാക് രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിന്റെ വഴിയിലൂടെയാണ്. അവിശ്വാസ വോട്ടെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്പന്‍ തിരിച്ചടിയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇമ്രാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ഖൗമി മൂവ്മെന്റ് പാകിസ്താന്‍ (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇമ്രാന് വൻ തിരിച്ചടിയാകും സമ്മാനിക്കുക. അതേസമയം, അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പരാജയപ്പെട്ടാൽ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചർച്ചകളും രാഷ്ട്രീയ നിരീക്ഷകർ തുടങ്ങിക്കഴിഞ്ഞു.
അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പരാജയപ്പെട്ടാൽ, പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനുമായ പാകിസ്താൻ മുസ്ലീം ലീഗ്-നവാസിന്റെ (പി.എം.എൽ-എൻ) ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ബുധനാഴ്ചയാണ് ഈ സൂചന നൽകിയത്.
'ഇമ്രാൻ ഖാന് ഇപ്പോൾ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അദ്ദേഹം ഇനി പ്രധാനമന്ത്രിയല്ല. നാളെ പാർലമെന്റ് സമ്മേളനം. നാളെ വോട്ടെടുപ്പ് നടത്തി പ്രശ്നം പരിഹരിക്കാം. അതിനുശേഷം നമുക്ക് സുതാര്യമായ തെരഞ്ഞെടുപ്പിനും ജനാധിപത്യ പുനഃസ്ഥാപനത്തിനും വേണ്ടിയുള്ള യാത്ര ആരംഭിക്കാം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗങ്ങൾ അപ്പോൾ ആരംഭിക്കാം' -ബിലാവൽ ഭൂട്ടോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷഹബാസ് ശരീഫ് ഉടൻ പ്രധാനമന്ത്രിയാകുമെന്നും ബിലാവൽ കൂട്ടിച്ചേർത്തു. ഷഹബാസ് ശരീഫാണ് ദേശീയ അസംബ്ലിയിൽ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ദേശീയ അസംബ്ലിയിലെ നിലവിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് മൂന്ന് തവണ ആ പദവിയിൽ സേവനമനുഷ്ഠിച്ചു. 1997ൽ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി. പക്ഷേ, 1999ലെ ജനറൽ പർവേസ് മുഷറഫിന്റെ അട്ടിമറിയെത്തുടർന്ന്, പാകിസ്താൻ വിടേണ്ടി വന്ന അദ്ദേഹത്തിന് അടുത്ത എട്ട് വർഷം സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. 2007ൽ ഷഹ്ബാസ് ശരീഫും സഹോദരനും പാകിസ്താനിലേക്ക് മടങ്ങി. 2008ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചതിന് ശേഷം അദ്ദേഹം വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി.
2019 ഡിസംബറിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷഹ്ബാസ് ഷെരീഫിന്റെയും മകൻ ഹംസയുടെയും 23 സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ചായിരുന്നു നടപടി. ഇതേ കേസിൽ 2020 സെപ്റ്റംബറിൽ എൻ.എ.ബി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വിചാരണ തീർപ്പാക്കാതെ തടവിലിടുകയും ചെയ്തിരുന്നു. 2021 ഏപ്രിലിൽ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാഹോർ ഹൈക്കോടതി അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.